പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ സംഭരിച്ച 20,000 ലിറ്ററോളം സ്പിരിറ്റ് തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ കണ്ടെത്തി. വെങ്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സംഭരണകേന്ദ്രത്തില്‍ കേരള എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരും തമിഴ്‌നാട് പോലീസും എത്തിയതറിഞ്ഞ് മലയാളികളായ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടമുടമ ഭക്തവത്സലം ഉള്‍പ്പെടെ തമിഴ്‌നാട്ടുകാരായ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
35 ലിറ്ററിന്റെ 550-ലേറെ കന്നാസുകളിലായിട്ടായിരുന്നു സംഭരണകേന്ദ്രത്തില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ലിറ്ററിന് 70 രൂപയിലേറെ വിലവരുന്ന സ്പിരിറ്റിന് കേരളത്തില്‍ നിലവില്‍ 600 രൂപയിലേറെ വിലയുണ്ടെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഫെബ്രുവരി അഞ്ചിന് തൃശ്ശൂരിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് സ്പിരിറ്റ് എത്തിയതായി ഐ.ബി.ക്ക് വിവരം ലഭിച്ചിരുന്നു. തക്കാളിപ്പെട്ടികള്‍ക്കടിയിലും മറ്റുമായാണ് സ്പിരിറ്റ് കടത്തിയതെന്നും വിവരം ലഭിച്ചു.
ഇതേത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ വി. അനൂപ്, പ്രിവന്റീവ് ഓഫീസര്‍ സി. ശെന്തില്‍കുമാര്‍, ഡ്രൈവര്‍ സത്താര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭരണകേന്ദ്രം കണ്ടെത്തിയത്. തുടര്‍ന്ന്, വെങ്കല്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തെന്നരശ്, എസ്.ഐ.മാരായ ഇളമാരന്‍, ശെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തി. ഇതിനിടയിലാണ് മൂന്നുപേര്‍ രക്ഷപ്പെട്ടത്.
അമ്പത്തൂര്‍ സ്വദേശികളായ വെങ്കിടേഷ്, രാജ്കുമാര്‍, ബാബു, റായ്പുരത്ത് ഹാരിസ്, തിരുവള്ളൂരിലെ രവി, ചെന്നൈയിലെ ദയാളന്‍ എന്നിവരെക്കൂടാതെ കെട്ടിടമുടമ ഭക്തവത്സത്തെയും പോലീസ് പിടികൂടി.
Content Highlights: spirit seized from tamilnadu