ചെന്നൈ: വി.ഐ.പി.കളുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന സ്‌പെഷ്യല്‍ ഫോഴ്സ് എസ്.ഐ. വീട്ടില്‍ വെടിവെച്ച് ജീവനൊടുക്കി. വണ്ടല്ലൂര്‍ മേല്‍കൊട്ടയൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഗൗതമനാണ് (59) മരിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. ചെന്നൈയില്‍ ചികിത്സയില്‍ക്കഴിയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനത്തുനിന്നുള്ള ഒരു ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാച്ചുമതലയാണ് അവസാനം വഹിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാന്‍ തയ്യാറായ ശേഷം പെട്ടെന്ന് കിടപ്പുമുറിയിലേക്ക് തിരിച്ചുകയറി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യയാണ് പോലീസില്‍ വിവരമറിയിച്ചത്. ഒരു മകന്റെ ചികിത്സാച്ചെലവിന് ഗൗതമന്‍ പലരില്‍നിന്നും കടം വാങ്ങിയിരുന്നതായാണ് വിവരം. വലിയ കടബാധ്യതയായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിച്ച് കിട്ടുന്ന തുകകൊണ്ട് കടം വീട്ടാനും ഈയിടെ ഗൗതമന്‍ ആലോചിച്ചിരുന്നു. എന്നാല്‍ വിരമിക്കാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ ഉടനെ രാജിവെക്കേണ്ടതില്ലെന്ന് ഭാര്യ അഭിപ്രായപ്പെട്ടു. പണം ആവശ്യപ്പെട്ട് കടം നല്‍കിയവര്‍ വിളിക്കുന്നതിനാല്‍ ഗൗതമന്‍ മനോവിഷമത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.

ഇതാണോ മറ്റു കുടുംബപ്രശ്‌നങ്ങളാണോ ജോലിസമ്മര്‍ദമാണോ ജീവനൊടുക്കാന്‍ കാരണമായതെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്കല്‍പ്പെട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)