കേപ്ടൗണ്‍:  ലോക്ക്ഡൗണ്‍ നിലനില്‍ക്കെ കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താന്‍ ശ്രമിച്ചയാളെയും ഡിക്കിയില്‍ ഒളിച്ചിരുന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 

ഗുവാട്ടെങ്ങില്‍നിന്ന് പുമലാംഗ പ്രവിശ്യയിലേക്കാണ് യുവാവ് കാമുകിയെ രഹസ്യമായി കടത്താന്‍ ശ്രമിച്ചത്. കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്നായിരുന്നു കാമുകിയുടെ യാത്ര. എന്നാല്‍ യാത്രയ്ക്കിടെ സാധാരണ പരിശോധനയ്ക്കായി പോലീസ് കാര്‍ കൈ കാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ യാത്രക്കാരന് ലോക്ക്ഡൗണില്‍ സഞ്ചരിക്കാനുള്ള അനുമതിപത്രമില്ലെന്ന് ബോധ്യപ്പെട്ടു. ഇതിനിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് സംഘം കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിക്കുള്ളില്‍ യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 മുതലാണ് ദക്ഷിണാഫ്രിക്കയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യം മൂന്നാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഏപ്രില്‍ അവസാനം വരെ നീട്ടി. അത്യാവശ്യ യാത്രകള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കുകയുള്ളൂ. ഇതുവരെ മൂവായിരത്തിലേറെ പേര്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

Content Highlights: south africa man tries to smuggle his girl friend in car's boot