നാടിനെ നടുക്കിയ സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി നിയമവിദ്യാര്‍ഥികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനു വിധേയയായി അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രോസിക്യൂഷനു സംഭവിച്ച പിഴവുകള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠമാകുകയാണ്.

കൊലപാതകക്കുറ്റം തെളിയിക്കാനോ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയാതെ, ഈ കേസിന് ഇത്തരമൊരു അന്ത്യമുണ്ടായതില്‍ നിരാശയും രോഷവും പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കുമെന്നും സൗമ്യക്ക് സമ്പൂര്‍ണനീതി ഉറപ്പാക്കുമെന്നും വിശ്വസിക്കുന്നു.

പ്രോസിക്യൂഷന്റെ പരാജയമാണ് സൗമ്യകേസില്‍ പ്രതിക്ക് അര്‍ഹതപ്പെട്ട ശിക്ഷ നിഷേധിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പൊതു അഭിപ്രായം. പൊതുജനവികാരം മാനിച്ചുമാത്രമാകും കീഴ്ക്കോടതികള്‍ ഈ കേസില്‍ പ്രതിക്ക് വധശിക്ഷ കൊടുത്തത്. പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്നേ പറഞ്ഞിരുന്നു കുറ്റംതെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നില്ലെന്ന്. , ധന്യ പറഞ്ഞു.

കേസില്‍ സാക്ഷിയാണെന്ന് പറയപ്പെടുന്ന ആ മധ്യവയസ്‌കനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടൂതല്‍ പ്രസക്തിയുണ്ടെന്ന് നിഹാല്‍ കോട്ടാലത്ത് പറയുന്നു. സൗമ്യയുടെ അലര്‍ച്ച തൊട്ടടുത്ത കംപാര്‍ട്മെന്റില്‍ ഉണ്ടായിരുന്നവര്‍ കേട്ടിരുന്നു. വനിതാ കംപാര്‍ട്മെന്റില്‍ എന്തോ അപകടം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞ അവര്‍ ചങ്ങല വലിക്കാന്‍ മുതിരുമ്പോഴേക്ക് ഒരു മധ്യവയസ്‌കന്‍ അവരെ തടഞ്ഞു. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നായിരുന്നു വാതിലിനടുത്ത് നിന്ന അയാള്‍ പറഞ്ഞത്. ഈ മധ്യവയസ്‌കനെ പിന്നീട് കണ്ടെത്താനായില്ല എന്നത് പോലീസിന് പറ്റിയ വീഴ്ചയാകാം. ഗോവിന്ദച്ചാമിയുടെ കൂട്ടാളി ആയിരിക്കുമോ അയാള്‍? അതോ നീതിബോധമില്ലാത്ത അനേകായിരം മലയാളികളില്‍ ഒരാള്‍ മാത്രമോ?-നദീം ചോദിക്കുന്നു.

കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ നിരപരാധിയായി കാണാനാണ് ഇന്ത്യയിലെ നിയമസംവിധാനം നിഷ്‌കര്‍ഷിക്കുന്നതെന്നും ഈ പരിരക്ഷ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗോവിന്ദച്ചാമിക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന് സുദീപ് സുധാകര്‍ പറഞ്ഞു.

പ്രധാനമായും രണ്ട് ചാര്‍ജുകളാണ് പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടത്. 302 പ്രകാരം സ്ഥാപിക്കാന്‍ പ്രതിക്ക് കൊലപാതകം ചെയ്യാനുള്ള ഉദ്ദേശ്യമോ അല്ലെങ്കില്‍ തന്റെ ചെയ്തികാരണം കൊലപാതകം സംഭവിക്കാമെന്ന അറിവോ ഉണ്ടാകണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അത് സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും സുദീപ് ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും പ്രവൃത്തി അറിഞ്ഞോ അറിയാതെയോ ചെയ്യുകയാണെങ്കില്‍ അത് ആ വ്യക്തിയുടെ മരണത്തിന് കാരണമാകുന്നുണ്ടെങ്കില്‍ സെക്ഷന്‍ 300 ഉള്‍പ്പെടുത്തി കൊലപാതകത്തിന് ശിക്ഷിക്കാം. ഈ കേസില്‍ പ്രതിക്ക് തന്റെ പ്രവൃത്തി മരണകാരണമാകുമെന്ന് അറിയില്ലായിരുന്നെന്നും ഒരു വിദഗ്ധന് മാത്രമേ അത് അറിയാന്‍ സാധിക്കൂവെന്നും അതുകൊണ്ട് പ്രതിക്ക് കൊല ചെയ്യാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും പറയുന്നതിന്റെ യുക്തി എന്താണെന്നും ത്രിവത്സര എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി കല്യാണി ചോദിക്കുന്നു.

ഐ.പി.സി. സെക്ഷന്‍ 300 ന്റെ മൂന്ന് ക്ലോസുകളിലും ഒരു നരഹത്യ കൊലപാതകമാകാന്‍ പ്രതിക്ക് മുന്‍കൂട്ടി ഉദ്ദേശ്യം വേണമെന്ന് പറയുന്നില്ലെന്ന് പഞ്ചവത്സര എല്‍.എല്‍.ബി. എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഗിരിധര്‍ മണിയേടത്ത് ചൂണ്ടിക്കാട്ടുന്നു. ആ വകുപ്പ് പ്രകാരമുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല - ഗിരിധറും നാലാം സെമസ്റ്ററിലെ അമൃതാ സുരേഷും ആരോപിച്ചു.

'സൗമ്യ'യ്ക്ക് നീതികിട്ടിയില്ലാ എന്നു പറയുന്നത് പ്രതിക്ക് വധശിക്ഷ കിട്ടാത്തതുകൊണ്ടല്ലെന്നു ഇര്‍ഷാദ് ആയിഷ ഗഫൂര്‍ പറഞ്ഞു. ഹൈക്കോടതി കൊലപാതകക്കുറ്റം ചുമത്തിയ പ്രതി, സുപ്രീം കോടതിയിലെത്തിയപ്പോള്‍ രക്ഷപ്പെടുന്നു. തങ്ങളുടെ വാദം കൃത്യമായി ഉന്നയിക്കാന്‍ പറ്റാത്ത പ്രോസിക്യൂഷനും ഒരു വീക്ഷണകോണില്‍നിന്നുമാത്രം കാര്യങ്ങള്‍ നോക്കിക്കണ്ട 'ബെഞ്ചിനും' ഒരുപോലെ വീഴ്ച വന്നിട്ടുണ്ട്. റിവ്യൂ ഹര്‍ജിയില്‍ നീതി പ്രതീക്ഷിക്കുന്നെന്നും ഇര്‍ഷാദ് വ്യക്തമാക്കി.