കൊല്ലങ്കോട്: അന്തർസംസ്ഥാന വാഹനമോഷ്ടാവും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നിട്ടുള്ള ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയുമായ തൃശ്ശൂർ മേലൂർ കൂമുള്ളിവീട്ടിൽ സൂരജ് കുട്ടനെ (49) കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകാലമായി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് കൊല്ലങ്കോട് പോലീസിന്റെ പിടിയിലായത്. 90-കളിലും തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്ത് പല ജില്ലകളിലും മോഷണങ്ങൾ നടത്തിയ ബെന്നിയുടെ അടുത്ത കൂട്ടാളിയാണ് സൂരജ് കുട്ടൻ. 2011-ൽ ജാമ്യത്തിലിറങ്ങിയശേഷം കോടതികളിൽ ഹാജരാവാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ കർണാടകയിലെ ഷിമോഗ, സുള്യ, മംഗലാപുരം, ബെംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ വിവിധപേരുകളിലും വിവിധവേഷത്തിലും ഒളിവുജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുനഗരത്തിലെ കൊണനകുണ്ടൈ എന്ന സ്ഥലത്തെ വാടകവീട്ടിൽ നാഗേശ്വര മേക്കാട് എന്ന പേരിൽ പൂജാരി വേഷം ചമഞ്ഞും, അത്ഭുതസിദ്ധി യന്ത്രങ്ങൾ, മുഖലക്ഷണം, കൈനോട്ടം തുടങ്ങിയ തട്ടിപ്പ് പ്രവർത്തനങ്ങളുമായി കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്. പോലീസ് വേഷംമാറി ഇയാളുടെ സ്ഥലത്തെത്തുമ്പോൾ കന്നട മാത്രം സംസാരിക്കുന്ന ആളെപ്പോലെയാണ് ഇയാൾ അഭിനയിച്ചത്. തെളിവുസഹിതമുള്ള ചോദ്യംചെയ്യലിനൊടുവിലാണ് യഥാർഥ പേരും വിലാസവും ഇയാൾ വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വയനാട്, കാസർകോട് ജില്ലകളിലും, മംഗലാപുരം, ദക്ഷിണകന്നഡ പ്രദേശത്തും ഇയാൾക്കെതിരെ വാഹനമോഷണത്തിന് കേസുകളുണ്ട്. 1994-ൽ തൃശ്ശൂർ ഈസ്റ്റ് പോലീസ്സ്റ്റേഷൻ പരിധിയിലെ മാർത്തമറിയം പള്ളിയിൽനിന്ന് 3.5 കിലോഗ്രാം സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നകേസിലും ഇയാൾ പ്രതിയാണ്.

കൊല്ലങ്കോട് പോലീസ്സ്റ്റേഷൻ പരിധിയിൽ സബ് റജിസ്ട്രാർ ഓഫീസിന് പിറകുവശത്തെ വിട്ടിലെ നാലുപവനോളം സ്വർണം കവർന്നകേസിലും പെരിങ്ങോട്ടുകാവിൽ ചന്ദ്രന്റെ വീട്ടിൽനിന്ന് 1,75,000 രുപയുടെ സ്വർണവും പണവും മോഷ്ടിച്ചകേസിലും കൊല്ലങ്കോട് ചിക്കണാംപാറ സെയ് ‌ദ് ഇബ്രാഹിമിന്റെ വീട്ടിൽ നിന്നും 45,000 രൂപ വിലവരുന്ന സ്വർണമാല കവർന്നകേസിലും ഇയാൾ പ്രതിയാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ ചിറ്റുർ ഡിവൈ.എസ്.എ.പി. എൻ. മുരളീധരൻ കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ. കെ. ഷാഹുൽ, സീനിയർ സി.പി.ഒ. കെ. ഉവൈസ്, സി.പി.ഒ.മാരായ എസ്. ജിജോ, കെ. ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.