ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ പരേതനായ സുകുമാരന്റെ ഭാര്യ കല്യാണി (75) മരിച്ച സംഭവത്തില്‍, മകന്‍ സന്തോഷി (45)നെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ഇടുപ്പെല്ല് ഗര്‍ഭപാത്രത്തില്‍ തുളച്ചുകയറിയുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടര്‍ന്ന് കല്യാണിയെ സന്തോഷ് തന്നെയാണ് രാത്രി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കല്യാണിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി മരിച്ചു. തുടര്‍ന്ന് മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം വസ്ത്രങ്ങളില്‍ പുരണ്ട രക്തം കഴുകിക്കളഞ്ഞാണ് സന്തോഷ് അമ്മയെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും വീട്ടില്‍നിന്ന് കണ്ടെടുത്തു. വീട്ടില്‍ പലഭഗത്തും രക്തക്കറകളുമുണ്ടായിരുന്നു. വിരലടയാള വിദഗ്ധരും മറ്റു സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മര്‍ദനം, മാരകമായി മുറിവേല്‍പ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് സന്തോഷിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Content Highlight: son brutally killed mother in trivandrum