കഠിനംകുളം: പുതുക്കുറിച്ചി മുണ്ടൻചിറ ജിത്തു ഹൗസിൽ ഫ്രാൻസിസിന്റെ ഭാര്യ റീത്ത (71) മർദനമേറ്റു മരിച്ചെന്ന കേസിൽ മകൻ അറസ്റ്റിലായി. പുതുക്കുറിച്ചി ഡയാന പാലസിൽ താമസിക്കുന്ന തങ്കച്ചൻ (ബാബു-49) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡു ചെയ്തു.

ഒരപകടത്തെത്തുടർന്ന് അവശതയുണ്ടായ റീത്ത മകന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ചയാണ് റീത്ത വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകൾ പോലീസ് പരിശോധനയിലും തലയ്ക്കകത്തു സാരമായ മുറിവ് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലും കണ്ടു. റീത്തയെ മർദിക്കാറുണ്ടായിരുന്നുവെന്ന് ചോദ്യംചെയ്തപ്പോൾ തങ്കച്ചൻ പോലീസിനോട് പറഞ്ഞു. തുടർന്നാണ് കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റുചെയ്തത്.
കഠിനംകുളം എസ്.എച്ച്.ഒ. ബിൻസി ജോസഫ്, എസ്.ഐ. കൃഷ്ണപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.