ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് ഈരാറ്റുപേട്ടയിൽ ഇറങ്ങിയാൽ അടിക്കും എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരേ പോലീസ് കേസെടുത്തു.

നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരേയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

ഈരാറ്റുപേട്ടക്കാരെ തീവ്രവാദികളെന്നുവിളിച്ച പി.സി.ജോർജിനെ ഈരാറ്റുപേട്ട ഭാഗത്തുകണ്ടാൽ തല്ലുമെന്നാണു വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. താൻ എസ്.ഡി.പി.ഐ.ക്കാരനോ ജിഹാദിയോ അല്ലെന്നും താൻ സി.പി.എമ്മുകാരനാണെന്നുമാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ ഇയാൾ സജീവ പ്രവർത്തകനല്ലെന്നും ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്നും ഈരാറ്റുപേട്ട എസ്.എച്ച്.ഒ. എസ്.എം.പ്രദീപ് കുമാർ പറഞ്ഞു. അതേസമയം ആരുടേയും ഭീഷണിക്കു മുൻപിൽ വഴങ്ങില്ലെന്ന് പി.സി.ജോർജും പറഞ്ഞു.