വടകര: എൽ.ഡി.എഫ്. വടകര മണ്ഡലം സ്ഥാനാർഥി മനയത്ത് ചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് നവമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന പരാതിയിൽ ആർ.എം.പി.ഐ. സ്ഥാനാർഥിയും വടകരയിൽ വിജയിക്കുകയും ചെയ്ത കെ.കെ. രമയുൾപ്പെടെ നാലാളുടെ പേരിൽ ചോമ്പാല പോലീസ് കേസെടുത്തു. മനയത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി. വിനോദൻ തിരഞ്ഞെടുപ്പ് കമ്മിഷനും റൂറൽ എസ്.പി. ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചോമ്പാല പോലീസ് എഫ്.ഐ.ആർ. ഇട്ടത്. കോടതി അനുമതിയോടെയാണ് കേസെടുത്തത്.

കേരള പോലീസ് ആക്ടിലെ 120 ഒ. വകുപ്പുപ്രകാരമാണ് കേസ്. മടപ്പള്ളി സ്വദേശികളായ കലാജിത്ത്, മഠത്തിൽ സുധീർ, അഴിയൂർ സ്വദേശി യാസിർ എന്നിവരുടെ പേരിലും കേസുണ്ട്. ഇതിലൊരാളുടെ ശബ്ദസന്ദേശമാണ് പ്രചരിച്ചത്. സ്ഥാനാർഥിയായ രമയുടെകൂടി അറിവോടെയാണ് ഇത് പ്രചരിപ്പിച്ചതെന്നാണ് എൽ.ഡി.എഫ്. പരാതി. ഇതേത്തുടർന്നാണ് രമയുടെപേരിലും പരാതി നൽകിയത്.

അതേസമയം ആരോ നവമാധ്യമത്തിൽ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെപേരിൽ തനിക്കെതിരേ കേസെടുത്ത നടപടി പകപോക്കലാണെന്ന് കെ.കെ. രമ പ്രതികരിച്ചു.