ന്യൂഡല്‍ഹി: 3300 യു.എസ്. ഡോളറടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞ കേസില്‍ പ്രമുഖ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളികളും പിടിയില്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രജൗരി ഗാര്‍ഡന്‍ സ്വദേശി അമൃത സേതി (26) സുഹൃത്തുക്കളായ അക്ഷിത് ഝാബ്(25) കുശാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ് ഗോവയില്‍നിന്ന് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണം മൂവരും ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബരജീവിതത്തിനും കാസിനോകളിലും ചെലവഴിച്ചെന്ന് പോലീസ് പറഞ്ഞു. 

നവംബര്‍ അഞ്ചിനാണ് അമൃതയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ മനോജ് സൂദ് എന്നയാള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിദേശ നാണയ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളില്‍നിന്ന് അമൃതയും സംഘവും 3300 യു.എസ്. ഡോളര്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞെന്നായിരുന്നു പരാതി. സ്ഥാപനമുടമ ആവശ്യപ്പെട്ടതനുസരിച്ചാണ് മനോജ് അമൃതയെ കാണാനെത്തിയത്. 2.45 ലക്ഷം രൂപയ്ക്ക് പകരം യു.എസ്. ഡോളര്‍ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അമൃതയ്ക്കും സുഹൃത്തുക്കള്‍ക്കും പണം കൈമാറാനായി മനോജ് ഇവരുടെ കാറില്‍ കയറി. തുടര്‍ന്ന് മൂവരും ഡോളര്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പകരം രൂപ തരാതെ നല്‍കാനാകില്ലെന്നായിരുന്നു മനോജിന്റെ മറുപടി. ഇതോടെ പണം പിന്‍വലിക്കാനെന്ന വ്യാജേന അമൃതയും സംഘവും ഒരു എ.ടി.എം. കൗണ്ടറിനടുത്ത് കാര്‍ നിര്‍ത്തി. ഇവിടെവെച്ച് മനോജ് കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഡോളര്‍ കാണിച്ചുതരണമെന്ന് സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാഗ് തുറന്ന് കറന്‍സി കാണിച്ചതും മൂന്നഗ സംഘം ബാഗ് തട്ടിപ്പറിച്ച് കാറില്‍ കടന്നുകളയുകയായിരുന്നു. 

സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കാറിന്റെ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കുശാലിന്റെ പിതാവിന്റെ പേരിലാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് കുശാലും അമൃതയും അക്ഷിതും ചേര്‍ന്നാണ് കാര്‍ കൊണ്ടുപോയതെന്നും മൂവരും ഗോവയിലാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഗോവ പോലീസിന്റെ സഹായത്തോടെയാണ് മൂവരെയും ഡല്‍ഹി പോലീസ് ഗോവയില്‍നിന്ന് പിടികൂടിയത്. ഗോവയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിക്കും. 

സോഷ്യല്‍മീഡിയകളില്‍ സജീവമായ അമൃത സേതി സോഷ്യല്‍ ആക്ടിവിസ്റ്റ്, പോക്കര്‍ പ്ലെയര്‍ എന്നീ നിലകളിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അമൃത ഫാഷന്‍ ഡിസൈനറാണെന്നും അവകാശപ്പെട്ടിരുന്നു.

Content Highlights: social media influencer amrita sethi and her friends arrested in snatching case