മുംബൈ: സാമൂഹികമാധ്യമങ്ങളിലൂടെ ആളുകളെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. മുംബൈയില്‍ ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ 65കാരന് നഷ്ടമായത് 9.4 ലക്ഷം രൂപ. മുംബൈയില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനസ്ഥാപനം നടത്തുന്ന 65കാരനാണ് ഓണ്‍ലൈന്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ടത്. 

ജോര്‍ദാന്‍ സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ ലിയോണി എന്ന പേരുള്ള സ്ത്രീയുമായി വയോധികന് സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇരുവരും സുഹൃത്തുക്കളായത്. ഉടന്‍തന്നെ ഇന്ത്യയിലേക്ക് വരുമെന്നും ഇവര്‍ 65കാരനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വയോധികനില്‍നിന്ന് പലതവണകളായി പണം തട്ടിയെടുത്തത്. 

ഇന്ത്യയിലെത്തിയ ലിയോണിയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചെന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ 24000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് മുംബൈ സ്വദേശിക്ക് ആദ്യ ഫോണ്‍വിളിയെത്തിയത്. അമിത് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ലിയോണിക്ക് വേണ്ടി ഫോണ്‍വിളിച്ചത്. പണം നല്‍കിയാലേ യുവതിക്ക് വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനാകൂവെന്നും, അവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ആവശ്യപ്പെട്ടതുപ്രകാരം മുംബൈ സ്വദേശി പണം നിക്ഷേപിച്ചു. എന്നാല്‍ ഇതിനുശേഷവും അമിത് എന്നയാള്‍ പലതവണ വിളിക്കുകയും സ്ത്രീയുടെ പേരുപറഞ്ഞ് പണം വാങ്ങുകയും ചെയ്തു. ഇത്തരത്തില്‍ 9.4 ലക്ഷം രൂപയോളം താന്‍ നല്‍കിയെന്നാണ് മുംബൈ സ്വദേശി പറയുന്നത്. 

പലതവണകളായി പണം വാങ്ങിയിട്ടും തിരിച്ചുലഭിക്കാത്തതിനാല്‍ സംശയം തോന്നിയ 65കാരന്‍ പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. ഇതോടെയാണ് മുംബൈ സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 65കാരന്റെ ഓണ്‍ലൈന്‍ സുഹൃത്തായ ലിയോണി എന്ന അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.