ലുബ്ളിയാന: ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സ്വന്തം കൈ മുറിച്ചുമാറ്റിയ യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. സ്ലൊവേനിയയിലെ കോടതിയാണ് ജൂലിയ അഡ്ലെസിക് എന്ന 22-കാരിയെ ശിക്ഷിച്ചത്. സംഭവത്തിന് കൂട്ടുനിന്ന യുവതിയുടെ കാമുകനെ മൂന്ന് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. മരം മുറിക്കുന്നതിനിടെ അപകടമുണ്ടായെന്ന് പറഞ്ഞാണ് കൈത്തണ്ടയ്ക്ക് മുകളിൽവെച്ച് അറ്റുപോയ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അറ്റുപോയ ഭാഗം ബന്ധുക്കളാരും ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നില്ല. തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയാണ് അറ്റുപോയ ഭാഗം കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ഇത് പിന്നീട് തുന്നിച്ചേർക്കുകയും ചെയ്തു.

സംഭവത്തിൽ സംശയം തോന്നിയതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് അപകടത്തിന് പിന്നിലെ കള്ളത്തരം പുറത്തായത്. അപകടത്തിന് മുമ്പ് ജൂലിയ അഞ്ച് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല, യുവതിയുടെ കാമുകൻ കൃത്രിമ കൈകളെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ വിവരങ്ങളും ലഭിച്ചു. തുടർന്ന് കഴിഞ്ഞവർഷം തന്നെ യുവതിയെയും കാമുകനെയും കാമുകന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻഷുറൻസ് ക്ലെയിം ലഭിച്ചാൽ ഒരു മില്യണിലേറെ യൂറോയാണ് (ഏകദേശം എട്ട് കോടിയിലേറെ രൂപ) യുവതിക്ക് ലഭിക്കേണ്ടിയിരുന്നത്. ഇതിൽ പകുതി തുകയും അപകടം സംഭവിച്ച് ഉടനടി തന്നെ നൽകേണ്ടതായിരുന്നു. ബാക്കി തുക മാസത്തവണകളായും ലഭിക്കും. ഈ ഭീമമായ തുക ലക്ഷ്യമിട്ടാണ് യുവതിയും കാമുകനും ഈ അതിക്രമത്തിന് മുതിർന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

അതേസമയം, വിചാരണയിൽ തനിക്കെതിരേ ഉയർന്ന കുറ്റാരോപണങ്ങൾ യുവതി നിഷേധിച്ചു. താൻ നിരപരാധിയാണെന്നും മനഃപൂർവ്വം കൈ മുറിച്ചുമാറ്റിയിട്ടില്ലെന്നുമായിരുന്നു യുവതിയുടെ വാദം. 20 വയസ് പിന്നിട്ടപ്പോൾ തന്നെ എന്റെ കൈ നഷ്ടപ്പെട്ടു. എന്റെ യൗവനകാലം നശിച്ചു. സംഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. ആരും ഒരു വികലാംഗയാകാൻ ആരും ആഗ്രഹിക്കില്ലല്ലോ എന്നും ജൂലിയ കോടതിയിൽ പറഞ്ഞു.

Content Highlights:slovenian woman deliberately saws off own hand to claim insurance