പുനലൂർ : കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് കൂനംകോണത്തെ പുരയിടത്തിൽ, പലയിടത്തായി ചിതറിയനിലയിൽ മനുഷ്യന്റെ അസ്ഥികൂടം. ഇവിടെ താമസിച്ചിരുന്ന ജോൺ അഗസ്റ്റിന്റേ(61)താണെന്നാണ് സംശയം. ഏതാനും നാളുകളായി ഇയാളെ കാണാനുണ്ടായിരുന്നില്ല.

അസ്ഥികൾക്കടുത്തുനിന്ന് ജോണിന്റെ വസ്ത്രങ്ങളും വളയും കണ്ടെത്തി. ഇതാണ് സംശയമുയരാൻ കാരണം. അസ്ഥികൾ പലയിടത്തായി ചിതറിയത് നായ്ക്കൾ കടിച്ചുവലിച്ചതുമൂലമാകാമെന്നാണ് അനുമാനം. പുനലൂർ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ ശാസ്ത്രീയപരിശോധനയ്ക്കായി അവശിഷ്ടങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

പുരയിടത്തിലെ കുടിലിൽ ഒറ്റയ്ക്കാണ് ജോൺ താമസിച്ചിരുന്നത്. ആക്രിപെറുക്കിവിറ്റും പുരയിടത്തിലെ റബ്ബർ ടാപ്പ് ചെയ്തുമായിരുന്നു ഉപജീവനം. അവിവാഹിതനായ ഇയാൾക്ക് ബന്ധുക്കളുമായോ നാട്ടുകാരുമായോ ബന്ധമുണ്ടായിരുന്നില്ല. കുറെക്കാലമായി ഇയാളെ പുറത്തേക്ക് കാണാനില്ലെന്ന് സമീപവാസി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

വിശദമായി അന്വേഷിക്കും

പ്രദേശവാസികളുടെ മൊഴികളിൽനിന്ന് ഇത് ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക മരണമാകാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടുന്നത്. എങ്കിലും ശരീരാവശിഷ്ടങ്ങളുടെ പരിശോധനാഫലം വരുന്നതനുസരിച്ച് വിശദമായ അന്വേഷണം നടത്തും.

-ജെ.രാകേഷ്

പോലീസ് ഇൻസ്പെക്ടർ