ഭോപ്പാല്‍: മധ്യപ്രദേശില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത. ദമോഹില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച വൈകീട്ട് വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിച്ചിരുന്ന പെണ്‍കുട്ടിയെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചത്. കളിച്ചുകൊണ്ടിരിക്കെ എത്തിയ ഒരാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കാണാതായ പെണ്‍കുട്ടിക്കായി ഒരു രാത്രി മുഴുവന്‍ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് വീടിനടുത്തുള്ള സ്ഥലത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായും കണ്ണുകള്‍ക്ക് പുറമേ ദേഹമാസകലം മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മധ്യപ്രദേശില്‍നിന്ന് പുറത്തുവരുന്ന ഏറ്റവും ഒടുവിലത്തെ നടുക്കുന്ന ബലാത്സംഗക്കേസാണിത്. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ പതിനേഴുകാരിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഭോപ്പാലില്‍ കാഴ്ചശക്തിയില്ലാത്ത വനിത ബാങ്ക് മാനേജറെ ഫ്‌ളാറ്റില്‍ കയറി ബലാത്സംഗം ചെയ്ത സംഭവവുമുണ്ടായി. 

Content Highlights: six year old girl raped and her eyes gouged out in madhya pradesh