ഗോരഖ്പുർ: ആശുപത്രി ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടതിനാൽ അമ്മയ്ക്കൊപ്പം മുത്തച്ഛന്റെ സ്ട്രെച്ചർ തള്ളിയത് ആറ് വയസ്സുകാരൻ. ഉത്തർപ്രദേശിലെ ദേരിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആറ് വയസ്സുകാരൻ സ്ട്രെച്ചർ തള്ളുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രിയിലെ വാർഡ് ബോയ് ആയ യുവാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

ബാർഹജ് സ്വദേശി ഛേദി യാദവിന്റെ കൊച്ചുമകനായ ആറ് വയസ്സുകാരനാണ് അമ്മയ്ക്കൊപ്പം സ്ട്രെച്ചർ തള്ളിയത്. അപകടത്തിൽ പരിക്കേറ്റാണ് ഛേദി യാദവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവ് ഡ്രെസ് ചെയ്യാൻ സർജിക്കൽ വാർഡിൽനിന്ന് മറ്റൊരു മുറിയിലേക്ക് ഇദ്ദേഹത്തെ ദിവസവും കൊണ്ടുപോയിരുന്നു. ഓരോ തവണയും ഇയാള്‍ 30 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പും സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടെങ്കിലും ഛേദിയുടെ മകള്‍ ബിന്ദു പണം നല്‍കിയില്ല. തുടര്‍ന്ന് സ്‌ട്രെച്ചര്‍ ഉപേക്ഷിച്ച് ജീവനക്കാരന്‍ മടങ്ങിപ്പോയി. ഇതോടെയാണ് ബിന്ദുവും ആറ് വയസ്സുകാരനായ മകൻ ശിവവും ചേർന്ന് രോഗിയെ സ്ട്രെച്ചറിൽ കൊണ്ടുപോയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. ബിന്ദു യാദവിന്റെ പരാതി കേട്ട ശേഷം സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.

Content Highlights:six year old boy pushes stretcher with mother after refusing to pay bribe in uttar pradesh