പന്നിമറ്റം: ആറുവയസ്സ് പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അമ്മയും കാമുകനും പിടിയില്‍. കിഴക്കേ മേത്തൊട്ടി വേലംപറമ്പില്‍ വീട്ടില്‍നിന്നു മുടക്കല്‍ വീട്ടില്‍ താമസിക്കുന്ന മനോജിന്റെ ഭാര്യ അനു (26), കൂവക്കണ്ടം മച്ചിയാനിക്കല്‍ ജിതിന്‍ (24) എന്നിവരെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അനുവിന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജിതിന്‍.ഇവര്‍ സ്ഥിരമായി ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനിടെ അനുവും ജിതിനും അടുപ്പത്തിലായി.

ഇതിനേത്തുടര്‍ന്ന് അനുവിന്റെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചുപോയി. ജിതിനൊപ്പമാണ് അനുവും കുട്ടിയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജിതിന്‍ അനുവിന്റെ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇത് കുട്ടി അയല്‍വാസിയായ കൂട്ടുകാരനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജിതിനേയും അനുവിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ കാഞ്ഞാര്‍ സി.ഐ. വി.കെ. ശ്രീജേഷ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എസ്.ഐ.മാരായ പി.എം.ബാബു, സജി പി.ജോണ്‍, എ.എസ്.ഐ. ഉബൈസ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിജു, ടുബി, സെല്‍മ എന്നിവര്‍ ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു