ബെംഗളൂരു: വെബ്‌സൈറ്റ് നിർമിച്ച് വൃക്കതട്ടിപ്പ് നടത്തി വന്ന മൂന്നു നൈജീരിയക്കാർ ഉൾപ്പെടെ ആറുപേർ ബെംഗളൂരുവിൽ പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഘത്തെ ബാനസവാടിയിൽ നിന്ന് അറസ്റ്റു ചെയ്തത്. പിടിയിലായ മറ്റു മൂന്നുപേർ ത്രിപുര സ്വദേശികളാണ്.

‘ബൈ ആൻഡ് സെൽ കിഡ്‌നി’ എന്നപേരിലുള്ള വെബ്‌സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിവന്നത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും നിർധനരെയും സാധാരണക്കാരെയും സഹായിക്കുകയാണു ലക്ഷ്യമെന്നുമാണ് ഇവർ അവകാശപ്പെട്ടിരുന്നത്.

വൃക്ക ലഭ്യമാക്കാമെന്നു കരാറുണ്ടാക്കി ഇവർ ഒട്ടേറെപ്പേരിൽ നിന്ന് പണം തട്ടിയതായാണ് കണ്ടെത്തൽ. വൃക്ക വാങ്ങാമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടി. മാസങ്ങളായി ഈ വെബ്‌സൈറ്റിലൂടെ തട്ടിപ്പ് നടന്നു വരികയാണ്. നൈജീരിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഇവരുടെ ഇരയായിട്ടുണ്ട്. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസിന്റെ നിഗമനം.

വൃക്ക ആവശ്യമുള്ളവരും ദാതാക്കളുമായുണ്ടാക്കിയ കരാറിന്റെമറവിൽ അവയവക്കച്ചവടം നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

Content Highlights: six were arrested for Money fraud by offering Kidney