തിരുവാങ്കുളം(എറണാകുളം): ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ദേഹോപദ്രവം ഏല്പിച്ചെന്ന പരാതിയിൽ അച്ഛനെ അറസ്റ്റ് ചെയ്തു. തിരുവാങ്കുളം കേശവൻപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. ആശാ പ്രവർത്തകയും കൗൺസിലറും അറിയിച്ചതിനെത്തുടർന്ന് ശിശുക്ഷേമ സമിതി പ്രവർത്തകർ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയ്ക്കു ശേഷം വീട്ടിലേക്ക് അമ്മയ്ക്കൊപ്പം കുഞ്ഞിനെ മാറ്റി. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തത്.

ലോക്ഡൗൺ തുടങ്ങിയ സമയത്ത് സമാനമായ രീതിയിൽ ഇയാൾ കുഞ്ഞിനെ ഉപദ്രവിച്ചതായി നാട്ടുകാർ പറഞ്ഞു. അന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഏതാനും ദിവസമായി വീണ്ടും ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. കുട്ടിക്ക് ബേബി ഫുഡ് വാങ്ങണമെന്ന് അമ്മ പറഞ്ഞപ്പോഴാണ് ഇയാൾ ദേഷ്യപ്പെട്ട് കുഞ്ഞിനെ എടുത്ത് നിലത്തിട്ടതെന്ന് പറയുന്നു. കുട്ടിയുടെ കരച്ചിലും വീട്ടിൽനിന്നുള്ള ബഹളവും കേട്ട് വാടക വീടിന്റെ ഉടമ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

എം. സ്വരാജ് എം.എൽ.എ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും അനൂപ് ജേക്കബ് എം.എൽ.എ. വീട്ടിലെത്തിയും കുഞ്ഞിനെ സന്ദർശിച്ചു.

Content Highlights:six month old baby attacked by father in thiruvankulam eranakulam