വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ജുട്ടഡയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വെട്ടിക്കൊന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍ക്കാരനായ ബി. അപ്പാലരാജുവാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.  

ജുട്ടഡയില്‍ താമസിക്കുന്ന ബി.രമണ(60) ബി. ഉഷാറാണി(35) എ.രമാദേവി(53) എന്‍.അരുണ(37) ബി.ഉദയ്കുമാര്‍(രണ്ട്) ബി.ഉര്‍വിശ(ആറ് മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ് എന്നയാളെ തിരഞ്ഞാണ് അപ്പാലരാജു വീട്ടിലെത്തിയത്. എന്നാല്‍ സംഭവസമയത്ത് വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റുള്ളവരെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 

അപ്പാലരാജുവിന്റെ മകളെ വിജയ് പ്രണയിച്ച് വഞ്ചിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ മകളും അയല്‍ക്കാരനായ വിജയിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വിജയ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വിജയ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബത്തോടെ വിജയവാഡയിലേക്ക് താമസം മാറി. കഴിഞ്ഞദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് വിജയിയും കുടുംബവും ജുട്ടഡയിലെത്തിയത്. ഇക്കാര്യമറിഞ്ഞ പ്രതി മകളെ വഞ്ചിച്ച യുവാവിനെ വകവരുത്താന്‍ ലക്ഷ്യമിടുകയായിരുന്നു. എന്നാല്‍ സംഭവസമയം യുവാവ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന ആറുപേരെ വെട്ടിക്കൊന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: six members of a family hacked to death in vishakhapattanam