മൂന്നാര്‍: വനമേഖലയില്‍ വാഹനവുമായി അതിക്രമിച്ചു കയറിയത് ചോദ്യംചെയ്ത വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച ആറ് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ചെറിയ വെളിനല്ലൂര്‍ കോട്ടയ്ക്കാവിള ഇളമാട് സ്വദേശി ജിബിന്‍ വര്‍ഗീസ് (26), സുഹൃത്തുക്കളും നാട്ടുകാരുമായ ഷെമീര്‍ (31), രഞ്ജിത്ത് (26), ജിതിന്‍ ബാബു (28), ജിജോ ബേബി (29), ഷിബിന്‍ ബേബി (24) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലാണ് സംഭവം. വട്ടവട സന്ദര്‍ശത്തിനെത്തിയ യുവാക്കള്‍ പാമ്പാടുംചോല നേച്ചര്‍ ക്യാമ്പിനു സമീപമുള്ള പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ മേയുന്നതുകണ്ട് വാഹനം പുല്‍മേട്ടിലേക്ക് ഓടിച്ചുകയറ്റിയശേഷം പുറത്തിറങ്ങിയ ഇവര്‍ കാട്ടുപോത്തുകളെ വിരട്ടിയോടിച്ചു. ഇതുകണ്ട് തൊട്ടടുത്ത് നേച്ചര്‍ ക്യാമ്പിലുണ്ടായിരുന്ന നാല് വാച്ചര്‍മാര്‍ ഓടിയെത്തിയെങ്കിലും ഇവരെ ആക്രമിച്ചശേഷം ഇവര്‍ വാഹനവുമായി കടന്നുകളഞ്ഞു.

നേച്ചര്‍ ക്യാമ്പില്‍നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പാടുംചോല ചെക്ക് പോസ്റ്റിലാണ് വാഹനം തടഞ്ഞ് വനപാലകര്‍ ഇവരെ അറസ്റ്റുചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇവരെ പീരുമേട് ജയിലിലേക്ക് റിമാന്റ് ചെയ്തു.