ഭോപ്പാൽ: ബന്ധുക്കളായ ആൺകുട്ടികളോട് ഫോണിൽ സംസാരിച്ചതിന് സഹോദരിമാരായ രണ്ട് പെൺകുട്ടികളെ കുടുംബാംഗങ്ങൾ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപാൽവ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടികളെ നാട്ടുകാരുടെ മുന്നിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ പോലീസ് കേസെടുക്കുകയും ഏഴ് പേരെ പിടികൂടുകയും ചെയ്തു.

ജൂൺ 22-ാം തീയതിയാണ് ഗോത്രവിഭാഗത്തിൽപ്പെട്ട സഹോദരിമാർ ക്രൂര മർദനത്തിനിരയായത്. അമ്മാവന്റെ ആൺമക്കളോട് ഇരുവരും ഫോണിൽ സംസാരിച്ചതായിരുന്നു മർദനത്തിന് കാരണം. കുടുംബാംഗങ്ങളും പിതാവിന്റെ ബന്ധുക്കളും ചേർന്നാണ് ആക്രമിച്ചത്. പെൺകുട്ടികളെ വടി കൊണ്ടും കല്ല് കൊണ്ടും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇരുവരെയും ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. നാട്ടുകാരിൽ ചിലർ ഈ ദൃശ്യങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ജൂൺ 25-ാം തീയതിയാണ് ഈ ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ടാണ്ട പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് വാസ്കലെ പറഞ്ഞു. 19, 20 വയസ്സുള്ള പെൺകുട്ടികളാണ് മർദനത്തിനിരയായത്. ഇവർക്ക് ആദ്യം പരാതി നൽകാൻ ഭയമായിരുന്നു. തുടർന്ന് പെൺകുട്ടികളിൽ ഒരാളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തി. പിതാവിന്റെ ബന്ധുക്കളും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ഗ്രാമത്തിലെ സ്കൂളിന് സമീപംവെച്ച് തങ്ങളെ തടഞ്ഞുനിർത്തിയെന്നും പിന്നീട് മർദിച്ചെന്നുമാണ് ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും വിജയ് വാസ്കലെ കൂട്ടിച്ചേർത്തു.

Content Highlights:sisters thrashed by family members in madhya pradesh