ഭോപ്പാൽ: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ഇന്ദോറിന് സമീപത്തെ സൈനികമേഖലയായ മോവിൽനിന്നുള്ള സഹോദരിമാരായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

മോവിൽ സ്കൂൾ അധ്യാപികമാരായ 32,28 വയസ്സുള്ള യുവതികളാണ് പിടിയിലായിരിക്കുന്നത്. പാകിസ്താൻ സ്വദേശികളായ മുഹ്സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരുവർഷത്തിലേറെയായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. ഈ രണ്ട് പാക് സ്വദേശികളും ഐ.എസ്.ഐ. ഏജന്റുമാരാണെന്നാണ് സംശയം. സൈനിക മേഖലയായ മോവിൽനിന്നുള്ള നിർണായക വിവരങ്ങൾ യുവതികൾ ഇവർക്ക് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി യുവതികളുടെ മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

പാക് സ്വദേശികളുമായി യുവതികൾ നിരന്തരം ഓൺലൈനിൽ ബന്ധപ്പെടുന്നത് സംബന്ധിച്ച് പോലീസിനും ഇന്റലിജൻസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരുവരെയും ഇന്റലിജൻസ് ഏജൻസികളും പോലീസും നിരീക്ഷണത്തിലാക്കി. ഇതിനൊടുവിലാണ് രണ്ട് യുവതികളെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Content Highlights:sisters arrested in indore suspecting espionage for pak isi agents