ഇന്ദോര്‍: ''ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഞാന്‍ ചെയ്തത്. എനിക്ക് തെറ്റുപറ്റി. പക്ഷേ, ഇപ്പോള്‍ ദൈവം അതു ശരിയാക്കി. ഏറെ സന്തോഷിക്കുന്ന ദിനമാണിത്.'' -പറയുന്നത് സമന്ദര്‍ സിങ്. ഉദയ് നഗറില്‍ സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തിയ വാടകഗുണ്ടയാണ് സമന്ദര്‍. അന്ന് എല്ലാവരും പേടിക്കുന്ന രൂപത്തില്‍നിന്നും സമന്ദര്‍ ഒരു സാധാരണ മനുഷ്യനായി മാറിയിരിക്കുന്നു. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദയ് നഗറില്‍നിന്ന് ഇന്ദോറില്‍ എത്തിയതായിരുന്നു സമന്ദര്‍. താന്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകേണ്ട എന്ന തീരുമാനത്താല്‍ പ്രധാന ചടങ്ങിനു ശേഷമെത്തിയ സമന്ദര്‍, റാണി മരിയയുടെ കുടുംബാംഗങ്ങളുടെ കൂടെയിരുന്നാണ് ബാക്കി ചടങ്ങുകള്‍ കണ്ടത്. 

Samandar Singh
Caption

പഴയ വാടകഗുണ്ടയില്‍നിന്ന് സമന്ദര്‍ ഏറെ മാറിയിരിക്കുന്നു. പശ്ചാത്താപംകൊണ്ട് നീറിയ ഹൃദയവേദന അയാളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മിയുടെ അടുത്തുനിന്ന് മാറാന്‍പോലും കൂട്ടാക്കാതെ സമന്ദര്‍ സംസാരിച്ചുതുടങ്ങി. 

ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എന്തുതോന്നുന്നു എന്ന ചോദ്യത്തിന് ഏറെ സന്തോഷമുണ്ടെന്നായിരുന്നു മറുപടി. പിന്നാലെയെത്തി അതിന്റെ വിശദീകരണം. ''എല്ലാം ഈശ്വരന്‍ തീരുമാനിക്കുന്നതുപോലെയാണ്. അന്ന് എനിക്കുപറ്റിയ തെറ്റ് ഈശ്വരന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. അന്നു സംഭവിച്ചതും ദൈവം അറിഞ്ഞുകൊണ്ടുതന്നെ. ഇന്നു നടക്കുന്നതും അദ്ദേഹത്തിന്റെ ഹിതമാണ്. എല്ലാമറിയുന്ന ദൈവം തനിക്ക് മാപ്പുതരുമെന്നാണ് വിശ്വാസം. ഞാന്‍ എന്നും പ്രാര്‍ഥിക്കാറുണ്ട്. ഇന്നും പ്രാര്‍ഥിച്ചു.'' -പല ചോദ്യങ്ങള്‍ക്കായി അദ്ദേഹം മറുപടി പറഞ്ഞു. 

1995 ഫെബ്രുവരി 25-നാണ് സമന്ദര്‍ സിങ് ഉദയ് നഗറിലെ ജന്മിമാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 25,000 രൂപയ്ക്കുവേണ്ടി സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുന്നത്. സിസ്റ്ററുടെ പ്രവര്‍ത്തനംമൂലം ഗ്രാമീണര്‍ ജന്മിമാരില്‍നിന്ന് വായ്പയെടുക്കാതെ ബാങ്കുകളില്‍നിന്നു വായ്പയെടുക്കാന്‍ തുടങ്ങിയതും അവര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതുമാണ് ജന്മിമാരെ പ്രകോപിപ്പിച്ചത്. ജന്മനാട്ടിലേക്ക് വരാന്‍വേണ്ടി ഉദയ് നഗറില്‍നിന്നും ഇന്ദോറിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കൊലനടക്കുന്നത്. 54 കുത്തുകള്‍ ഏറ്റ സിസ്റ്റര്‍ റോഡില്‍ മരിച്ചുവീണു. മൂന്നു ദിവസത്തിനുള്ളില്‍ പോലീസ് സമന്ദറിനെ അറസ്റ്റുചെയ്തു. കോടതി ശിക്ഷിച്ച ഇയാള്‍ പിന്നീട് താന്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിച്ച് സിസ്റ്റര്‍ റാണി മരിയയുടെ പുല്ലുവഴിയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെക്കണ്ട് മാപ്പപേക്ഷിച്ചിരുന്നു. സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളെല്ലാം ഇന്ദോറില്‍ എത്തുന്നു എന്നറിഞ്ഞാണ് സമന്ദറും ഇവിടെയെത്തിയത്. ജയിലില്‍ കഴിയവേ സ്വന്തം ഭാര്യയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച സമന്ദര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങളുടെ ഇടപെടലുകള്‍കൊണ്ടാണ്. ഉദയ് നഗറില്‍ ഒരു കര്‍ഷകനായാണ് ഇപ്പോള്‍ ഇയാള്‍ ജീവിക്കുന്നത്. 

''ഈ കുടുംബമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. എനിക്കവരോട് നന്ദിയുണ്ട്. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇവരാണ്.'' -തൊട്ടടുത്തിരുന്ന സിസ്റ്റര്‍ സെല്‍മിയുടെ മുഖത്തുനോക്കി അതു പറയുമ്പോഴും സമന്ദറിന്റെ മുഖത്ത് പല വികാരങ്ങളും മിന്നിമായുന്നത് കാണാം. എല്ലാവരേയും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമന്ദര്‍ പറഞ്ഞു. ചടങ്ങുകളെല്ലാം അവസാനിച്ചശേഷം എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് സമന്ദര്‍ ഉദയ് നഗറിലേക്ക് യാത്രതിരിച്ച