തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റിയത്. കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് ഇരുവരെയും ജയിലില്‍ എത്തിച്ചത്. 

അഭയ കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ച ശിക്ഷ. തടവ് ശിക്ഷയ്ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം. കൊലക്കുറ്റത്തിന് ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു.  സിസ്റ്റര്‍ സെഫിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റര്‍ സെഫിയും ഏഴ് വര്‍ഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴയും അടയ്ക്കണം. 

പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മൂന്നാം പ്രതിയായ സെഫി ഇരയ്ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി. 

കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.

Content Highlights: sister abhaya murder case accused shifted to prisons