തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിന്റെ യഥാർഥ ഇൻക്വസ്റ്റ്‌ കീറിക്കളഞ്ഞ്‌ പുതിയ ഇൻക്വസ്റ്റ്‌ തയ്യാറാക്കാൻ വി.വി.അഗസ്റ്റിൻ നിർദേശിച്ചിരുന്നതായി സാക്ഷി. ഇൻക്വസ്റ്റിൽ തിരിമറി നടത്തിയതിന്‌ സി.ബി.ഐ. പ്രതിയാക്കിയ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ മുൻ എ.എസ്‌.ഐ.യായിരുന്നു വി.വി.അഗസ്റ്റിൻ. പോലീസ്‌ സ്റ്റേഷനിൽ വച്ചാണ്‌ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെന്ന്‌ സംഭവദിവസം അഗസ്റ്റിനൊപ്പം സ്ഥലം സന്ദർശിച്ച ഹെഡ്‌ കോൺസ്റ്റബിളായ എം.എം.തോമസ്‌ കോടതിയിൽ മൊഴിനൽകി.

ആദ്യ ഇൻക്വസ്റ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ നൈറ്റി മാത്രമേയുള്ളൂ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്‌. ഇത്‌ തിരുത്തിയാണ്‌ അടിവസ്ത്രമുൾപ്പെടെയുള്ളവ ഉണ്ടായിരുന്നതായി പുതിയ ഇൻക്വസ്റ്റ്‌ തയ്യാറാക്കിപ്പിച്ചത്‌. ഇൻക്വസ്റ്റ്‌ തയ്യാറാക്കിയ സ്കറിയ എന്ന പോലീസുകാരന്റെ കൈപ്പടയും വി.വി.അഗസ്റ്റിന്റെ ഒപ്പും സാക്ഷി തിരിച്ചറിഞ്ഞു.

സംഭവസ്ഥലം സന്ദർശിച്ചപ്പോൾ അടുക്കളയിൽ ഒരു കൈക്കോടാലി ഉണ്ടായിരുന്നു. ഫ്രിഡ്ജ്‌ വാതിൽ തുറന്നനിലയിലായിരുന്നു. സിസ്റ്റർ അഭയയുടെ ചെരുപ്പ്‌ രണ്ടിടത്തായി കിടന്നിരുന്നു. സിസ്റ്ററിന്റെ ശിരോവസ്ത്രം കതകിന്റെ കുറ്റിയിൽ ഉടക്കിക്കിടക്കുന്ന നിലയിലായിരുന്നു. വെള്ളംനിറഞ്ഞ കുപ്പി മൂടിയില്ലാതെ വാർന്ന്‌ ഒഴുകിക്കൊണ്ടിരുന്നെന്നും സാക്ഷി മൊഴിനൽകി.

ഈ കേസിൽ ഇതുവരെ വിസ്തരിച്ചതിൽ നാലാമത്തെ സാക്ഷിയാണ്‌ തോമസ്‌. നേരത്തെ വിസ്തരിച്ചതിൽ സിസ്റ്റർ അനുപമ, സഞ്ചു പി.മാത്യു എന്നിവർ കൂറുമാറിയിരുന്നു.

വികാരാധീനനായി സാക്ഷി 

സിസ്റ്റർ അഭയാക്കേസിന്റെ വിചാരണയ്ക്കിടെ വികാരാധീനനായി സാക്ഷി രാജു. 12-ാം വയസ്സിൽ മോഷണം തുടങ്ങിയ കള്ളനാണെങ്കിലും കോടതിയിൽ സത്യമാണ്‌ പറയുന്നതെന്ന്‌ രാജു ഏറെ വികാരാധീനനായി കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റെടുക്കാൻ പറഞ്ഞ്‌ ആഴ്ചകളോളം ക്രൈംബ്രാഞ്ച്‌ ഉപദ്രവിച്ചു. രണ്ടുലക്ഷം രൂപ പണമായും ഭാര്യക്ക്‌ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, വീട്‌ എന്നിവ വാഗ്ദാനംചെയ്തു. ഈ വിവരം മറ്റൊരു പ്രതി മുഖാന്തരം കോടതിയിൽ അറിയിച്ചതിന്‌ തനിക്കെതിരേ പന്ത്രണ്ട്‌ മോഷണക്കേസ്‌ എടുത്ത്‌ ജയിലിൽ അടച്ചു.

സി.ബി.ഐ. വന്ന്‌ കണ്ടപ്പോൾ സംഭവത്തിന്റെ തലേദിവസം കണ്ടകാര്യം തുറന്നുപറഞ്ഞു. കോൺവെന്റിലെ പടികയറി പോയതിൽ ഒരാൾ പൊക്കം കുറഞ്ഞയാളും ഒരാൾ പൊക്കമുള്ളയാളുമായിരുന്നു.

പൊക്കംകുറഞ്ഞ ഫാ. തോമസ്‌ എം.കോട്ടൂരിനെ നേരത്തെ കണ്ട്‌ പരിചയമുണ്ട്‌. പൊക്കമുള്ളയാൾ ഫാ. ജോസ്‌ പൂതൃക്കയിലാണെന്ന്‌ പിന്നീട്‌ മനസ്സിലാക്കിയതായും രാജു കോടതിയെ അറിയിച്ചു.

Content Highlights: Sister Abhaya case, witness said that misconduct happened in Inquest