കോട്ടയം : ഒരുപാട് ദുര്‍മരണങ്ങള്‍ കാലത്തിന്റെ മറവിയില്‍പ്പെട്ടുപോകുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മരണം കാലം വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആത്മഹത്യയെന്ന് അന്വേഷകരില്‍ ചിലര്‍ വിധിച്ചു. അപ്പോള്‍ കോടതിവരാന്തയിലിരുന്ന് അഭയയുടെ അപ്പന്‍ കരഞ്ഞു. അവള്‍ അങ്ങനെ ചെയ്യില്ലെന്ന് ഗദ്ഗദങ്ങള്‍ക്കിടയില്‍ പറഞ്ഞു.

കുറവിലങ്ങാട്ടെ വീട്ടില്‍, മെഴുകുതിരി കൊളുത്തിവെച്ച് അഭയയുടെ ചിത്രത്തിനു മുന്നിലിരുന്ന് അമ്മയും പലവട്ടം പറഞ്ഞു, അവള്‍ ആത്മഹത്യ ചെയ്യില്ലെന്ന്. അപ്പോഴും ആത്മഹത്യയുടെ റൂട്ടുമാപ്പ് തയ്യാറാക്കുകയായിരുന്നു പോലീസും ക്രൈംബ്രാഞ്ചും. അന്വേഷണ ഏജന്‍സികള്‍ നിസ്സഹായരായി പലവട്ടം കൈമലര്‍ത്തിയപ്പോള്‍ കോടതി അതംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

2008 നവംബര്‍ 25. സിസ്റ്റര്‍ അഭയക്കേസിലെ ഇരകളില്‍ ഒരാളുടെ മരണം അന്നാണ് ലോകമറിയുന്നത്. കോട്ടയം പോലീസിലെ എ.എസ്.ഐ. അഗസ്റ്റിന്റെ മരണം. അഭയ മരിച്ചദിവസം ഉത്തരവാദപ്പെട്ട മറ്റു പോലീസുദ്യോഗസ്ഥരെല്ലാം രംഗത്തുവരാതെ അഗസ്റ്റിനെക്കൊണ്ട് കേസിന്റെ പ്രാരംഭനടപടികള്‍ ചെയ്യിക്കുകയായിരുന്നെന്നാണ് പിന്നീട് കേസന്വേഷിച്ച സി.ബി.ഐ. കണ്ടെത്തിയത്. അന്നത്തെ ആ സമ്മര്‍ദം അഗസ്റ്റിനെ മരണംവരെ പിന്തുടര്‍ന്നു. അത് താങ്ങാനാവാതെയായിരുന്നു മരണം.

കേസുമായി ബന്ധപ്പെട്ട പലരേഖകളും തിരുത്തിയത് അഗസ്റ്റിനായിരുന്നുവെന്നു പിന്നീട് തെളിഞ്ഞിരുന്നു. അതിന്റെപേരില്‍ പിന്നീട് ഒരുപാട് പഴികേട്ടു. അഭയയുടെ മരണകാരണം ഒരിക്കലും തെളിയരുതെന്ന് ആഗ്രഹിച്ചവരുടെ ഉപകരണമായി വര്‍ത്തിക്കുകയായിരുന്നു, അഗസ്റ്റിന്‍. രേഖകള്‍ തിരുത്തിയതും അവര്‍ക്കുവേണ്ടിയായിരുന്നു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കിടക്കുന്നതറിഞ്ഞ് എത്തിയ പോലീസുദ്യോഗസ്ഥന്‍, തൊട്ടടുത്ത് ഒരു സമരത്തിനു കാവല്‍നില്‍ക്കുകയായിരുന്ന ഉന്നത പോലീസുദ്യോഗസ്ഥരെ അറിയിക്കാതെ അഗസ്റ്റിനെ വരുത്തി പരിശോധിപ്പിച്ചു റിപ്പോര്‍ട്ടുണ്ടാക്കി. അത് യാദൃച്ഛികമായിരുന്നില്ലെന്നു പിന്നീട് തെളിഞ്ഞു.

അഗസ്റ്റിന്റെ നേതൃത്വത്തില്‍ ആദ്യം നടന്ന അന്വേഷണത്തെപ്പറ്റി സി.ബി.ഐ, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിലുണ്ടായിരുന്നപ്രധാന പിഴവുകള്‍

• സിസ്റ്റര്‍ അഭയയുടെ മൃതദേഹം കിണറ്റില്‍ക്കണ്ട 1992 മാര്‍ച്ച് 27-ാം തീയതിയിലെ ജനറല്‍ ഡയറി കോട്ടയം വെസ്റ്റ് പോലീസ് സി.ബി.ഐ.ക്കു നല്‍കിയിരുന്നില്ല. സ്റ്റേഷനില്‍ അതു ലഭ്യമല്ല എന്നായിരുന്നു വിശദീകരണം.

• സംഭവസ്ഥലത്തെ സാധനസാമഗ്രികള്‍ സ്ഥാനംതെറ്റിക്കിടന്നതും മറ്റും ചിത്രീകരിക്കുന്ന സ്‌കെച്ച് പോലീസ് തയ്യാറാക്കിയില്ല. വിരലടയാളവിദഗ്ധന്റെ സേവനം തേടിയില്ല. പോലീസ് നായയെ ഉപയോഗിച്ച് തെളിവ് ശേഖരിക്കാതിരുന്നത് ഗുരുതരവീഴ്ചയായി.

• കിണര്‍ വിശദമായി പരിശോധിച്ച് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനോ അഭയയെ ആക്രമിക്കാന്‍ ഉപയോഗിച്ചിരിക്കാനിടയുള്ള ആയുധം കണ്ടെത്താനോ പോലീസ് ഒരു ശ്രമവും നടത്തിയില്ല. ആയുധം കണ്ടെത്താന്‍ അന്നുതന്നെ കിണറ്റിലെ വെള്ളം വറ്റിക്കേണ്ടതായിരുന്നു.

• അഭയയുടെ കഴുത്തിലെ പാടുകള്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ല. മല്‍പ്പിടിത്തം നടന്നതായി സൂചന നല്‍കുന്നതായിരുന്നു ഈ പാടുകള്‍.

• സാക്ഷികളുടെ സാന്നിധ്യത്തിലല്ല ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. അവരെക്കൊണ്ട് ഒടുവില്‍ ഒപ്പിടീക്കുക മാത്രമാണു ചെയ്തത്. എന്താണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഒപ്പിടുമ്പോള്‍ സാക്ഷികളോടു പറഞ്ഞിരുന്നില്ല. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ഇതേ സാക്ഷികള്‍ പിന്നീട് സി.ബി.ഐ.ക്കു മൊഴിനല്‍കി.

• അഭയയുടെ മൃതദേഹത്തില്‍നിന്ന് നൈറ്റി, കമ്മീസ്, ബ്രേസിയര്‍, സ്‌കര്‍ട്ട്, പാന്റീസ് എന്നിവ കണ്ടെത്തിയതായാണ് പോലീസ് രേഖപ്പെടുത്തിയത്. പക്ഷേ, കിണറ്റില്‍നിന്ന് മൃതദേഹം മുങ്ങിയെടുത്ത അഗ്‌നിരക്ഷാസേന രേഖപ്പെടുത്തിയത് നൈറ്റി മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്. അഗ്‌നിരക്ഷാസേനയുടെ രേഖയാണ് കൂടുതല്‍ വിശ്വസനീയമെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്.

• മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയെന്നുപറയുന്ന വസ്ത്രങ്ങളും മറ്റും ഏതെങ്കിലും സാക്ഷിയെക്കൊണ്ട് തിരിച്ചറിയാനുള്ള ശ്രമം പോലീസ് നടത്തിയില്ല. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചുമില്ല. അഭയയുടെ മൃതദേഹത്തിന്റെ പത്തോളം ചിത്രങ്ങള്‍ എടുത്തിരുന്നെങ്കിലും ഒന്നുപോലും പോലീസിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. സംഭവദിവസം കോണ്‍വെന്റ് ഹോസ്റ്റലിലെ മുറികളൊന്നും പോലീസ് പരിശോധിച്ചില്ല. അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനത്തില്‍ സി.ബി.ഐ. എത്തിച്ചേര്‍ന്നത് ഇവയുടെ അടിസ്ഥാനത്തിലായിരുന്നു.

Content Highlights: sister abhaya case investigation