ആലപ്പുഴ: ഹൈക്കോടതിക്കു മുന്നിലെ അശോകസ്തംഭത്തില്‍ 'സത്യമേവ ജയതേ' എന്ന ആപ്തവാക്യം സ്ഥാനംമാറിയെഴുതിയതിനെച്ചൊല്ലിയുള്ള ഹര്‍ജിയും വാദങ്ങളും കത്തിനില്‍ക്കുന്ന കാലം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ കളര്‍കോട് സ്വദേശി നല്‍കിയ ഹര്‍ജി ആദ്യം കോടതി തള്ളി. കോടതിയെ അപമാനിച്ചെന്നുകാട്ടി ഹര്‍ജിക്കാരനു 10,000 രൂപ പിഴയും വിധിച്ചു. എന്നാല്‍, ആ വ്യവഹാരി വെറുതേയിരുന്നില്ല. തുടര്‍ന്നും ഹര്‍ജി നല്‍കി. അവസാനം മുദ്രയിലെ പിശകുതിരുത്താന്‍ ഉത്തരവായി. അങ്ങനെ അന്ന് പ്രശസ്തനായ പൊതുതാത്പര്യ ഹര്‍ജിക്കാരനാണ് കളര്‍കോട് വേണുഗോപാല്‍.

ആ സമയത്താണ് കോട്ടയത്ത് ഫാ. തോമസ് കോട്ടൂരിന്റെ ഓഫീസില്‍നിന്ന് വേണുഗോപാലിനെത്തേടി ഒരു ഫോണ്‍വിളിയെത്തുന്നത്. കോട്ടയത്ത് എത്തണമെന്നും അഭയക്കേസുമായി ബന്ധപ്പെട്ട കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്നുമായിരുന്നു അറിയിപ്പ്.

കോട്ടൂരിനെ നാര്‍ക്കോ അനാലിസിസിനു വിധേയനാക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. അതിനെതിരേ തടസ്സഹര്‍ജി നല്‍കണം- അതായിരുന്നു കോട്ടൂരിന്റെ ആവശ്യം. അതിനു പിന്‍ബലമേകാന്‍ ക്രിമിനോളജിസ്റ്റുകളെക്കൊണ്ട് നിരന്തരം നാര്‍ക്കോ അനാലിസിസിനെതിരേ ലേഖനങ്ങളും എഴുതിച്ചിരുന്നു. 'എന്തു നല്‍കാനും' തയ്യാറാണെന്നും കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി.

എല്ലാം തുറന്നുപറയാന്‍ വേണുഗോപാല്‍ അച്ചനോട് ആവശ്യപ്പെട്ടു. 'ഈ ളോഹയ്ക്കകത്തൊരു പച്ചമനുഷ്യനാണ്. തെറ്റുപറ്റിപ്പോയി. ഞാനും സിസ്റ്റര്‍ സെഫിയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിച്ചത്'-കോട്ടൂര്‍ 'കുമ്പസരിച്ചു'. പല വാഗ്ദാനങ്ങളും കിട്ടിയെങ്കിലും അവരുടെ ആവശ്യത്തിനൊപ്പം നിന്നില്ലെന്നു വേണുഗോപാല്‍ പറയുന്നു.

കുറച്ചുദിവസത്തിനുശേഷം വേണുഗോപാലിന്റെ സന്ദര്‍ശനവിവരമറിഞ്ഞ് സി.ബി.ഐ. അദ്ദേഹത്തെ വിളിപ്പിച്ചു. കോട്ടൂര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അവരോട് തുറന്നുപറഞ്ഞു. ആ മൊഴിയുടെ അടിസ്ഥാനത്തില്‍ വേണുഗോപാലിനെ സാക്ഷിയാക്കി. അങ്ങനെ രക്ഷിക്കാന്‍ വിളിച്ച വേണുഗോപാലിന്റെ സാക്ഷിമൊഴി പിന്നീട് കോടതിയില്‍ കോട്ടൂരിനു ഊരാക്കുടുക്കായി മാറുകയായിരുന്നു. കേസില്‍ കോട്ടൂരിനെ ശിക്ഷിക്കാന്‍ തെളിവായ പ്രധാന മൊഴികളിലൊന്ന് വേണുഗോപാലിന്റേതാണ്.

Content Highlights: sister abhaya case father thomas kottoor and kalarkod venugopal