തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന സിസ്റ്റര്‍ അഭയയുടെ വസ്ത്രങ്ങളും ഡയറിയും നശിപ്പിക്കപ്പെട്ടത് സംശയാസ്പദമാണെന്ന് കോടതി. സി.ബി.ഐ. യുടെ അന്തിമ റിപ്പോര്‍ട്ടില്‍ തൊണ്ടിമുതലുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്. 

കേസിലെ പ്രധാന തെളിവായ തൊണ്ടിമുതലുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്ന രണ്ടു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജികളില്‍ 17-ന് വിധിപറയും. 

കോടതി നേരത്തെ ചൂണ്ടിക്കാട്ടിയ അവ്യക്തതകള്‍ വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി.ദേവരാജന്‍ പ്രത്യേക സി.ബിഐ. കോടതിയില്‍ നേരിട്ടെത്തിയിരുന്നു. അന്തിമ റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ വിശദമാക്കാന്‍ കഴിയാതെ ദേവരാജന്‍ കുഴങ്ങി. സിസ്റ്റര്‍ അഭയയുടെ പിതാവ് തോമസ് അഭയയുടെ മരണത്തില്‍ സംശയം ആരോപിച്ച് ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഏറെ കോളിളക്കം സൃഷ്ടിക്കുകയും പിതാവിന്റെ പരാതി നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

തൊണ്ടിമുതല്‍ നശിപ്പിച്ചതില്‍ ദുരുദ്ദേശ്യമുണ്ടോ എന്നു പരിശോധിച്ചോയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. എന്തുകൊണ്ട് അന്വേഷണം ആ നിലയിലേക്ക് വ്യാപിപ്പിച്ചില്ലെന്ന കോടതിയുടെ ചോദ്യത്തിന് സി.ബി.ഐ.ക്ക് മറുപടി ഉണ്ടായിരുന്നില്ല. 

സിസ്റ്റര്‍ അഭയയുടെ മൃതദേഹ പരിശോധന നടത്തിയിരുന്നത് അന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. രാധാകൃഷ്ണപിള്ള ആയിരുന്നു. ഈ ഡോക്ടറും മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കളും സുഹൃത്തുക്കള്‍ ആയിരുന്നെന്ന് അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയത്തെ പ്രമുഖ ക്ലബ്ബില്‍ വച്ച് ഇവര്‍ തമ്മില്‍ കാണാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഏതെങ്കിലും മൊഴിയെ അടിസ്ഥാനമാക്കിയാണോ ഈ നിഗമനം എന്ന കോടതിയുടെ ചോദ്യത്തിനു മുന്‍പിലും അന്വേഷണ ഉദ്യോഗസ്ഥന്‍ കുഴങ്ങി. കേസില്‍ അവിഹിത ഇടപെടല്‍ നടത്തിയെന്ന് ആരോപിക്കപ്പെട്ട കെ.ടി.മൈക്കിളിന്റെ ഇടപെടലുകളെ സംബന്ധിച്ചുള്ള സാക്ഷിമൊഴികള്‍ പരിശോധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയേയും കോടതി വിമര്‍ശിച്ചു. 

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം ബിഷപ്പ് ഹൗസില്‍ കെ.ടി.മൈക്കിളിനെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അന്തേവാസികളായ സിസ്റ്റര്‍മാര്‍ കണ്ടിരുന്നതായി ജീവനക്കാരിയുടെ മൊഴിയുണ്ട്. മൈക്കിളിനെ കണ്ട സിസ്റ്റര്‍മാരുടെ മൊഴി എടുത്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. 

സിസ്റ്റര്‍മാര്‍ ഇപ്പോള്‍ മഠത്തില്‍ ഇല്ലെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയത്. എന്തുകൊണ്ടാണ് ഈ സിസ്റ്റര്‍മാര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താത്തതെന്നും കോടതി ചോദിച്ചു. 

കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന അനുബന്ധ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താത്തതെന്തന്ന കോടതിയുടെ ചോദ്യത്തിനും സി.ബി.ഐ.ക്ക് മറുപടി ഉണ്ടായിരുന്നില്ല. ആരോപണവിധേയനായ കെ.ടി.മൈക്കിളിന്റെ മൊഴിപോലും സി.ബി.ഐ. എടുത്തിരുന്നില്ല. 

Content highlights: Sister Abhaya case, CBI, Court, Material evidence,  Pius x convent hostel