തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കഴിഞ്ഞിരുന്ന പയസ്സ് ടെന്‍ത് കോണ്‍വെന്റ് പരിസരത്ത് രാത്രികാലങ്ങളില്‍ പ്രതികളായ വികാരിമാരെ കണ്ടിരുന്നതായി സാക്ഷിമൊഴികള്‍ ഉണ്ടെന്ന് സി.ബി.ഐ. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കവേയാണ് സി.ബി.ഐ.യുടെ ഈ നിലപാട്. പ്രത്യേക സി.ബി.ഐ. കോടതിയാണ് കേസ് പരിഗണിച്ചത്.

sister abhayaപ്രതികളായ തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സാക്ഷികളായ സഞ്ജു പി. മാത്യു, ചെല്ലമ്മദാസ് എന്നിവര്‍ കോണ്‍വെന്റ് പരിസരത്ത് അസമയത്ത് കണ്ടിട്ടുണ്ട്. ചെല്ലമ്മദാസ് ഈ വിവരം മൂന്നാംപ്രതി സെഫിയോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴിനല്‍കിയതായും സി.ബി.ഐ. കോടതിയെ അറിയിച്ചു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ താഴത്തെ നിലയില്‍ സെഫി മാത്രമാണ് ഉണ്ടായിരുന്നത്. സെഫിയോടൊപ്പം താമസിച്ചിരുന്ന ഹെലന്‍ അന്ന് കോണ്‍വെന്റില്‍ ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കിയിരുന്ന കാര്യവും പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. രാധാകൃഷ്ണന്‍ അത് കൊലപാതകമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞതും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹൈദരാബാദിലെ വിദഗ്ദ്ധസംഘം പരിശോധിച്ച് കൊലപാതകമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ശക്തമായതിനാലാണ് മൂന്നുപേരേയും പ്രതികളാക്കിയതെന്നും സി.ബി.ഐ. വാദിച്ചു. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 19-ന് വാദം തുടരും.

Content highlights:Sister Abhaya case, Convict, St.Pius X convent hostel, Fr. Jose Poothrikkayil, Thiruvananthapuram