കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐ.യോട് നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കണമെന്ന്, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിക്ക് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രാലയം സി.ബി.ഐ.യോട് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്.

മാര്‍ച്ച് ഏഴിനാണ് ഫാ. ജോസ് പൂതൃക്കയിലിനെ തിരുവനന്തപുരത്തെ സി.ബി.ഐ.യുടെ പ്രത്യേക കോടതി വെറുതെ വിട്ടത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രത്യേക ദൂതന്‍ വഴിയാണ് സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. നടപടിയെടുത്തശേഷം വിവരം തിരിച്ചറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

sister abhayaഫാ. പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ഏപ്രില്‍ 19-ന് കോടതിയെ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു.

ഫാ. പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, സി.ബി.ഐ.ക്കും ഫാ. പൂതൃക്കയിലിനും നോട്ടീസ് അയച്ചിരിക്കുകയാണ്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ജൂണ്‍ 18-ലേക്ക് മാറ്റിയിട്ടുണ്ട്.

Content highlights: Crime news, Abhaya case,Fr Poothrikkayil