ന്യൂഡല്‍ഹി: സിം കാര്‍ഡ് 3 ജിയില്‍നിന്ന് 4 ജിയിലേക്ക് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ് തട്ടിപ്പിലൂടെ ഇത്രയും പണം നഷ്ടമായത്. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും നോയിഡ സൈബര്‍ സെല്‍ ഇന്‍-ചാര്‍ജ് ബല്‍ജീത് സിങ് പറഞ്ഞു. 

മെയ് ഏഴിനാണ് വര്‍ഷ അഗര്‍വാളിന് മൊബൈല്‍ കമ്പനി കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവാണെന്ന് പരിചയപ്പെടുത്തിയുള്ള ഫോണ്‍ കോള്‍ വന്നത്. നിലവില്‍ താങ്കള്‍ ഉപയോഗിക്കുന്നത് 3 ജി സിം ആണെന്നും ഉടന്‍തന്നെ 4 ജിയിലേക്ക് മാറിയില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് സിം 4 ജിയിലേക്ക് മാറ്റാന്‍ സമ്മതിച്ച വര്‍ഷയോട് ഇതിന്റെ ആദ്യപടിയായി സിം സ്വാപിനുള്ള സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് സിം പ്രവര്‍ത്തനരഹിതമാകുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആറ് ദിവസം കഴിഞ്ഞിട്ടും സിം പ്രവര്‍ത്തിക്കാതായതോടെയാണ് വര്‍ഷയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് വന്‍ തുക അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടെന്ന വിവരം മനസിലായത്. 

മെയ് എട്ട് മുതല്‍ 11 വരെയുള്ള തീയതികളിലായാണ് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 22 തവണയായി പണം തട്ടിയത്. ജാര്‍ഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഈ പണം മുഴുവന്‍ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്തത്. ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പണം കൈമാറ്റം ചെയ്ത മൊബൈല്‍ സന്ദേശങ്ങളോ ഇ-മെയിലുകളോ വര്‍ഷയ്ക്ക് ലഭിച്ചിരുന്നില്ല. 

ഇതിന് മുമ്പും രാജ്യത്തിനകത്തും പുറത്തുമായി നിരവധിപേരാണ് സിം സ്വാപ് തട്ടിപ്പിനിരയായിട്ടുള്ളത്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അടക്കം ഇത്തരം തട്ടിപ്പിനിരയായിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം സിം സ്വാപിലൂടെ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കിയാണ് തട്ടിപ്പുകാര്‍ ഇത്തരത്തില്‍ പണം അപഹരിക്കുന്നത്. 

Content Highlights: sim swap cyber fraud; noida woman loses nine lakh rupees