കോട്ടയം: മരണാനന്തരച്ചടങ്ങിനിടെ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ തടസ്സംപിടിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ യുവാക്കൾ തലയ്ക്കടിച്ചുവീഴ്ത്തി. രക്ഷപ്പെട്ട് മറ്റൊരു വീട്ടിൽ കയറിയൊളിച്ച പ്രതികളെ ബന്ധുക്കൾ തടഞ്ഞുവെച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് രക്ഷപ്പെടുത്തി.

കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടറായിരുന്ന വൈക്കം ചെമ്മനത്തുകര മംഗലപ്പള്ളി എം.െജ.അരുണിന്റെ ഭാര്യ ശ്രീജ(40)യ്ക്കാണ് അടിയേറ്റത്. നിലവിൽ കാസർകോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടറാണ് എം.ജെ.അരുൺ.

തലപൊട്ടി ബോധരഹിതയായ ശ്രീജയെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വൈക്കം ചെമ്മനത്തുകരയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ശ്രീജയുടെ തലയിൽ ഏഴ് കുത്തിക്കെട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ അരുൺ ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരുവീട്ടിൽ ഒളിച്ചിരുന്ന പ്രതികളെയും കാറും കണ്ടെത്തി വൈക്കം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാതെ രക്ഷപ്പെടാൻ അവസരം നൽകിയെന്നാണ് ആക്ഷേപം.

പ്രതികളെ കണ്ടെത്തിയ വീട്ടിൽ സ്ത്രീകളുള്ളതിനാൽ കയറാൻ കഴിയില്ലെന്നും വനിതാ പോലീസില്ലാതെ അകത്തുകയറേണ്ടെന്ന് വൈക്കം പോലീസ് ഇൻസ്പെക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലത്തെത്തിയ എ.എസ്.ഐ. പരാതിക്കാരെ അറിയിച്ചു. തുടർന്ന് പോലീസ് നോക്കിനിൽക്കെ പ്രതികൾ വീട്ടിൽനിന്നിറങ്ങിപ്പോകുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ ആദ്യം കേസെടുക്കാതിരുന്ന വൈക്കം പോലീസ് പരാതിക്കാരനായ ഇൻസ്പെക്ടറുടെ ശക്തമായ നിലപാടിനെത്തുടർന്ന് പിറ്റേന്ന് വധശ്രമത്തിന് കേസെടുത്തു. പിന്നീട്, കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട് വൈക്കം പോലീസ് ഇടനിലക്കാരായി പരാതിക്കാരെ സമീപിച്ചെങ്കിലും ഇൻസ്പെക്ടർ വഴങ്ങിയില്ല. ഇതോടെ പ്രതികൾ രക്ഷപ്പെട്ട് കയറിയ വീട്ടുകാർ ഇൻസ്പെക്ടർ അരുണിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രതികൾക്കെതിരായ കേസ് പിൻവലിച്ചാൽ അരുണിനെതിരായ നടപടി ഒഴിവാക്കാമെന്നും വൈക്കം പോലീസ് അറിയിച്ചെന്ന് വീട്ടുകാർ പറയുന്നു.

പ്രതികളുടെ വിലാസമടക്കം വൈക്കം പോലീസിന് കൈമാറിയെങ്കിലും ഇവരെ പിടികൂടാൻ പോലീസ് നടപടിയെടുക്കുന്നില്ല. പ്രതികൾ രക്ഷപ്പെട്ട കാർ ബന്ധുക്കൾ പിടികൂടി വൈക്കം പോലീസിലേല്പിച്ചെങ്കിലും ഇത് കോടതിയിൽ ഹാജരാക്കാതെ പ്രതികൾക്ക് വിട്ടുകാടുക്കാൻ നീക്കമുണ്ടെന്നും ആക്ഷേപമുണ്ട്. വൈക്കം പോലീസിന്റെ നടപടിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇൻസ്പെക്ടർ അരുൺ പരാതി നൽകി.

സ്ക്വാഡ് രൂപവത്‌കരിച്ചു

മരണാനന്തര കർമങ്ങൾക്കിടെ ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടും.

-ഷിഹാബുദ്ദീൻ, വൈക്കം പോലീസ് ഇൻസ്പെക്ടർ.