മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. 

പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഒരാള്‍ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കല്‍ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് എസ്‌ഐ രാമചന്ദ്രന്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രതിയുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഇയാള്‍ എസ്‌ഐയെ കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശിയായ പ്രതി ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്രന്റെ പരിക്ക് ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.