ഭോപ്പാൽ: അടിവസ്ത്രത്തിന് നീളം കുറഞ്ഞെന്ന് ആരോപിച്ച് തയ്യൽക്കാരനെതിരേ പോലീസിൽ പരാതി. ഭോപ്പാൽ സ്വദേശി കൃഷ്ണകുമാർ ദുബെ(46)യാണ് പുതുതായി തയ്പിച്ച അടിവസ്ത്രത്തിന് നീളം കുറഞ്ഞെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പ്രദേശത്തെ തയ്യൽക്കാരനെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.

അടിവസ്ത്രം തയ്ക്കാനായി ആകെ രണ്ട് മീറ്റർ തുണി വാങ്ങിച്ചുനൽകിയെന്നാണ് ദുബെ പറയുന്നത്. എന്നാൽ തയ്ച്ച് കിട്ടിയപ്പോൾ നീളം കുറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ തയ്യാറായില്ലെന്നും ദുബെ ആരോപിച്ചു. 70 രൂപയാണ് തയ്യൽക്കാരൻ ഈടാക്കിയത്. ഇതിൽ ഇലാസ്റ്റിക് ചരടിന്റെ പണം ഉൾപ്പെട്ടിട്ടില്ലെന്നും നീളം കുറഞ്ഞ അടിവസ്ത്രം നൽകി തയ്യൽക്കാരൻ വഞ്ചിച്ചെന്നും ദുബെ പറഞ്ഞു.

സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ക്ഡൗൺ കാരണം ജോലി നഷ്ടമായിരുന്നു. തുടർന്ന് സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്. ഇതിനിടെയാണ് തയ്യൽക്കാരനും തന്നെ വഞ്ചിച്ചതായി ദുബെ പറയുന്നത്. എന്തായാലും ദുബെയുടെ പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്.

Content Highlights:short length underwear man given complaint against tailor