മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. രണ്ട് പേരാണ് സ്കൂളിൽ വെടിയുതിർത്തതെന്നും ഇതിൽ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 820 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാൻ. ഇവിടെയുള്ള 175-ാം നമ്പർ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടാമത്തെയാൾക്ക് എന്ത് സംഭവിച്ചുവെന്നതും ഇതുവരെ വ്യക്തമല്ല.

സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങളും ആംബുലൻസുകളും സ്കൂളിന് പുറത്ത് നിർത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ, ആക്രമണം നടന്ന സ്കൂൾകെട്ടിടത്തിൽനിന്ന് പ്രാണരക്ഷാർഥം കുട്ടികൾ ജനൽ വഴി ചാടുന്നതിന്റെയും ഇവർക്ക് പരിക്കേറ്റതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

Content Highlights:shooting at a school in kazan russia