ജയ്പുർ: മുഖം മുറച്ച് ബൈക്കുകളിലെത്തിയ യുവാക്കൾ പട്ടാപ്പകൽ വ്യാപാരിക്ക് നേരേ വെടിയുതിർത്തു. രാജസ്ഥാനിലെ കോട്ടയിലെ സബ്സി മണ്ഡിയിലാണ് സംഭവം. അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തിട്ടും വ്യാപാരിയായ കൈലാഷ് മീണ വെടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗസംഘം ആക്രമണം നടത്തിയത്. ആദ്യം ഒരു ബൈക്കിലെത്തിയ മൂന്നു പേർ വ്യാപാരിയായ കൈലാഷ് മീണയെ കടയുടെ പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. പിന്നാലെ ബൈക്കിൽനിന്നിറങ്ങിയ മൂന്നാമൻ കൈലാഷിന് നേരേ തുരുതുരാ വെടിയുതിർത്തു. ഈ സമയം മറ്റൊരു ബൈക്കിൽ മൂന്നു പേർ കൂടി സംഭവസ്ഥലത്തെത്തി. പിന്നീട് രണ്ട് ബൈക്കുകളിലായി ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സബ്സി മണ്ഡിയിലെ പഴം, പച്ചക്കറി വ്യാപാരിയും കമ്മിഷൻ ഏജന്റുമാണ് കൈലാഷ് മീണ. അക്രമിസംഘം രക്ഷപ്പെട്ടതിന് പിന്നാലെ ഇദ്ദേഹം തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. തനിക്ക് ആരുമായി പ്രശ്നങ്ങളില്ലെന്നും ആർക്കും തന്നോട് ശത്രുതയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

Content Highlights:shooting against trader in rajasthan kotta