മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തിൽ കോടികൾ മുടക്കിയിരുന്നതായി റിപ്പോർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമിച്ചുനൽകിയിരുന്നതെന്നും വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

രാജ് കുന്ദ്രയ്ക്കെതിരേ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ക്രൈബ്രാഞ്ചും പറഞ്ഞു. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പോലീസ് നൽകുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ രാജ് കുന്ദ്രക്കെതിരേ ആരോപണവുമായി മുംബൈയിലെ ചില നടിമാർ രംഗത്തെത്തിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീലച്ചിത്ര റാക്കറ്റിന്റെ സൂത്രധാരൻ രാജ് കുന്ദ്രയാണെന്നായിരുന്നു നടി സരിഗ ഷോന സുമന്റെ ആരോപണം. ഹോട്ട്ഷോട്ട് എന്ന നീലച്ചിത്ര ആപ്പ് കുന്ദ്രയുടേതാണെന്ന് ഈ മേഖലയിലെ എല്ലാവർക്കും അറിയാമെന്നും കേസിൽ നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുമൻ പറഞ്ഞിരുന്നു.

ഹോട്ട്ഷോട്ടിന് പുറമേ കെൻ റിൻ എന്ന പേരിലും നീലച്ചിത്ര ആപ്പുകൾ ഇവർ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നാണ് ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി.ഇ.ഒയെന്നും ഇയാൾ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു.

നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബൈ സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ ഇവിടെ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വാദം. നീലച്ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവെച്ച് സമ്മതത്തോടെയാണ് ഇവർ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. തുടർന്ന് ഫെബ്രുവരി നാലിന് മലാദിലെ ഒരു ബംഗ്ലാവിൽ പോലീസ് റെയ്‌ഡ് നടത്തുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികൾ നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് നീലച്ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ നടിയും മോഡലുമായ ഗെഹ്ന വസിഷ്ടും അറസ്റ്റിലായി. കേസിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ പിടിയിലായത്.

Content Highlights:shipa shettys husband raj kundra arrested for porn film production in mumbai