ചെന്നൈ: കോവിഡ് ബാധിച്ചുമരിച്ചുവെന്ന വ്യാജേന അഗതിമന്ദിരത്തിലെ അന്തേവാസികളായ കുട്ടികളെ വിറ്റ സംഭവത്തിൽ മുഖ്യപ്രതിയായ ഇദയം ട്രസ്റ്റിന്റെ ഡയറക്ടർ ജി.ആർ. ശിവകുമാറും സഹായി മതാർഷായും അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവർ ഒമ്പതായി.

മധുരയിലെ അഗതിമന്ദിരത്തിൽ താമസിച്ചിരുന്ന രണ്ടുകുട്ടികളെയാണ് വിറ്റത്. കുട്ടികളെ വാങ്ങിയ ദമ്പതിമാർ അടക്കം ഏഴുപേർ നേരത്തേ പിടിയിലായിരുന്നു. ഒളിവിലായിരുന്ന ശിവകുമാറിനെയും മതാർ ഷായയെയും തേനി ജില്ലയിൽ കേരള അതിർത്തിയിൽനിന്നാണ് അറസ്റ്റുചെയ്തത്.

ഒരു വയസ്സുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയുമാണ് ഇദയം ട്രസ്റ്റ് നടത്തിയിരുന്ന അഗതിമന്ദിരത്തിൽ വിറ്റത്. ആൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും വിറ്റതായി കണ്ടെത്തിയത്.

പനി ബാധിച്ച കുട്ടികളെ ആശുപത്രിയിലേക്കെന്ന വ്യാജേന അഗതിമന്ദിരത്തിൽനിന്ന് കൊണ്ടുപോകുകയും പിന്നീട് വിൽക്കുകയുമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചുവെന്നും കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്കാരം നടത്തിയെന്നും വ്യാജരേഖയുണ്ടാക്കിയിരുന്നു. ആൺകുട്ടിയെ വാങ്ങിയ സ്വർണക്കടയുടമ കണ്ണൻ, ഭാര്യ ഭവാനി, പെൺകുട്ടിയെ വാങ്ങിയ സാദിക്ക്, ഭാര്യ റാണി, കുട്ടികളെ വിൽക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ച സെൽവി, കണ്ണൻ, അഗതിമന്ദിര ജീവനക്കാരി കലൈവാണി എന്നിവരാണ് മുമ്പ് അറസ്റ്റിലായത്.

അഞ്ചുലക്ഷം രൂപയ്ക്കാണ് കുട്ടികളെ വിറ്റതെന്നാണ് വിവരം.ശിവകുമാറിന്റെ നേതൃത്വത്തിൽ മുമ്പും കുട്ടികളെ വിൽപ്പന നടത്തിയിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.