ശാസ്താംകോട്ട(കൊല്ലം) : ശാസ്താംകോട്ടയില്‍ അധ്യാപിക തലയ്ക്കടിയേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസ് എടുത്തു. രാജഗിരി അനിതാഭവനത്തില് അനിത സ്റ്റീഫന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ആഷ്ലി സോളമനെ പ്രതിയാക്കിയത്. ഇയാള്‍ അനിതയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച മൂന്നരയോടെയാണ് വീടിനുള്ളില്‍ രക്തംവാര്‍ന്നനിലയില്‍ മൃതദേഹം കണ്ടത്. സംഭവസമയം ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇതാണ് കൃത്യംനടത്തിയത് ഭര്‍ത്താവാണെന്ന നിഗമനത്തിലെത്താന്‍ കാരണം. ബുധനാഴ്ച രാവിലെ എട്ടരയോടെ രാസപരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനിതയുടെ തലച്ചോറ് തകര്‍ന്നനിലയിലാണ്. ദേഹമാസകലം മുറിവുകളുണ്ട്. ചിരവകൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനുസമീപത്തുനിന്ന് ചിരവ കണ്ടെടുത്തു.
ആഷ്ലി സോളമനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ശാസ്താംകോട്ട സി.ഐ. വി.എസ്.പ്രശാന്ത് അറിയിച്ചു. അനിതയും ചവറ സ്വദേശിയും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനെച്ചൊല്ലി ദമ്പതിമാര്‍ നിരന്തരം വഴക്കായിരുന്നു. പലതവണ ഇവര്‍ പിണങ്ങിപ്പോയിരുന്നു. മധ്യസ്ഥചര്ച്ചനടത്തി അടുത്തിടെയാണ് അനിതയെ വീട്ടിലെത്തിച്ചത്.
അനിതയെ ഭര്‍ത്താവ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് കാമുകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അനിതയുടെ മൊഴിയെടുത്ത്. ഇവരെ കോടതിയല്‍ നേരിട്ട് ഹാജരാക്കാനും ശാസ്താംകോട്ട പോലീസിന് നിര്‍ദേശം നല്കി. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.