മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാനൊപ്പം ഉറ്റസുഹൃത്തും അറസ്റ്റില്‍. ആര്യന്‍ ഖാന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച എന്നിവരുടെ അറസ്റ്റാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമേ നുപുര്‍ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാല്‍, വിക്രാന്ത് ഛോക്കര്‍, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നകാര്യത്തില്‍ സ്ഥിരീകരണമില്ല. 

ശനിയാഴ്ച രാത്രിയാണ് കോര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. പിന്നാലെ മുംബൈയിലെ മറ്റുചില കേന്ദ്രങ്ങളിലും എന്‍.സി.ബി. സംഘം റെയ്ഡ് നടത്തി.

കപ്പലിലെ പാര്‍ട്ടിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താനായിരുന്നു റെയ്ഡ്. ഇതില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. ലഹരിപ്പാര്‍ട്ടി നടത്തിയ ആഡംബരക്കപ്പലായ കോര്‍ഡെലിയ ക്രൂയിസില്‍ വമ്പന്‍ പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരുന്നത്. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലില്‍ പാര്‍ട്ടി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 

'ക്രേ ആര്‍ക്ക്' എന്ന പേരില്‍ ഫാഷന്‍ ടിവി ഇന്ത്യയാണ് കപ്പലിലെ പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയില്‍ നിന്നും യാത്രതിരിച്ച കപ്പല്‍ കടലില്‍ ചെലവഴിച്ച ശേഷം ഓക്ടോബര്‍ 4-ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിലാണ് ഫാഷന്‍ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.

മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജെ സ്റ്റാന്‍ കോലെവ്, പ്രമുഖ ഡിജെമാരായ ബുള്‍സീ, ബ്രൗണ്‍കോട്ട്,  ദീപേശ് ശര്‍മ എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്. രണ്ടാം ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ട് വരെ അഥിതികള്‍ക്കായി എഫ് ടിവിയുടെ പൂള്‍ പാര്‍ട്ടിയും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ ഡിജെ കോഹ്റ, മൊറോക്കന്‍ ഡിജെ കൈസ, ഐവറി കോസ്റ്റില്‍ നിന്നുള്ള ഡിജെ റൗള്‍ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു. എട്ട് മണി മുതല്‍ പ്രത്യേക അതിഥികള്‍ക്കായി ഓള്‍ ബ്ലാക്ക് പാര്‍ട്ടിയും നിശ്ചയിച്ചിരുന്നു. അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോര്‍ഡെലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടന്‍തന്നെ കപ്പലില്‍നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു. 

കപ്പലിലെ ലഹരിപാര്‍ട്ടിയെ സംബന്ധിച്ച് 15 ദിവസം മുമ്പ് തന്നെ എന്‍.സി.ബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കപ്പലില്‍ പാര്‍ട്ടി നടക്കുമെന്നും നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍.സി.ബി. സംഘം യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയത്. 

അതിനിടെ. മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ഗൗരി ഖാനും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന്‍ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാന്‍ സ്വവസതിയില്‍നിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഷാരൂഖ് ഖാന്റെ ഭാര്യയെ എന്‍.സി.ബി. സംഘം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതായും സൂചനകളുണ്ട്. 

Content Highlights: sharukh khan son aryan khan and his close friend arrested in drugs case by ncb