മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആരന്‍ ഖാന്‍ ജയിലിലാണ്. ഇപ്പോഴിതാ ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഷാരൂഖിന്റെ ഡ്രൈവര്‍ രാജേഷ് മിശ്ര മുംബൈയിലെ എന്‍.സി.ബി ഓഫീസിലെത്തി. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിശ്രയ്ക്ക് എന്‍.സി.ബി സമ്മന്‍സ് അയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ച് ജയിലിലേക്ക് അയച്ചത്. ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനും ഒപ്പം അറസ്റ്റിലായ അഞ്ച് പ്രതികളും കഴിയുന്നത്. മുന്‍മുന്‍ ധമേജയേയും മറ്റൊരു വനിതയേയും ബൈക്കുള ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആര്യന്‍ ഖാന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോയ മേര്‍സിഡസ് ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് മിശ്രയാണെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്. എന്‍സിബി കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് കോടതി ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തേക്കാണ് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Content Highlights: sharukh khan`s driver at ncb office