കല്പറ്റ:  മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വയനാട്ടില്‍ അറസ്റ്റിലായവരില്‍ 'നന്മമരം' ഷംസാദും . സാമൂഹികമാധ്യമങ്ങളില്‍ ഷംസാദ് വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദി(24)നെയാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ്(23) അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്മാന്‍(26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും നിലവില്‍ റിമാന്‍ഡിലാണ്. 

ചാരിറ്റി പ്രവര്‍ത്തകനെന്ന പേരിലാണ് ഷംസാദ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാള്‍ ചാരിറ്റി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്‌നേഹദാനം ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

സെപ്റ്റംബര്‍ 26-നാണ് ഷംസാദും മറ്റുപ്രതികളും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരരോഗം ബാധിച്ച മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് ഷംസാദ് യുവതിയെ ആദ്യം സമീപിക്കുന്നത്. തുടര്‍ന്ന് യുവതിക്കും മകനും ഒപ്പം വീഡിയോയും തയ്യാറാക്കി. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അപ് ലോഡ് ചെയ്ത ഈ വീഡിയോയില്‍ കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്‍കി സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നു. 

യുവതിക്ക് ഹൃദ്രോഗമുണ്ടെന്നും മകന് ഗുരുതരമായ രക്താര്‍ബുദമാണെന്നുമാണ് ഷംസാദ് വീഡിയോയില്‍ പറഞ്ഞിരുന്നത്. കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നും മരിച്ചു പോകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോവില്ലെന്നും ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും ഷംസാദ് വീഡിയോക്കൊപ്പം എഴുതിയിരുന്നു. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഷംസാദും കൂട്ടാളികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.

ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് സെപ്റ്റംബര്‍ 26-നാണ് യുവതിയെ പ്രതികള്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്. ഇവിടെ ഹോട്ടല്‍മുറിയില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി മൂവരും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പുല്പള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബത്തേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ചാരിറ്റിയുടെ മറവില്‍ പ്രതികള്‍ ഇത്തരത്തില്‍ കൂടുതല്‍പേരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. 

Content Highlights: shamsad wayanad charity worker arrested in gang rape case