കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. വരന്റെ മാതാവെന്നും സഹോദരിയെന്നും പറഞ്ഞ് ഷംനയെ ഫോണിൽ വിളിച്ചവരെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കേസിലെ രണ്ട് പ്രതികളുടെ സഹോദരിമാരെ ശനിയാഴ്ച അന്വേഷണസംഘം ചോദ്യംചെയ്യുന്നുണ്ട്. റഫീഖ്, അബൂബക്കർ എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യം ചെയ്യുന്നത്.

അതിനിടെ, മൊഴി കൊടുക്കാൻ പോലീസ് സമ്മർദം ചെലുത്തുന്നതായുള്ള ഷെരീഫിന്റെ ഭാര്യയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പ്രതികരിച്ചു. അന്വേഷണസംഘം ഒരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രതിയായ ഷെരീഫിന്റെ ഭാര്യയാണ് നേരത്തെ പോലീസിനെതിരേ ഈ ആരോപണമുന്നയിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി ഇവർ കോടതിയിൽ അപേക്ഷയും നൽകിയിരുന്നു.

അതേസമയം, ഷംന കേസിൽ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പോലീസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തു. ഹാരിസ്, അബൂബക്കർ, ശരത് എന്നിവരാണ് ശനിയാഴ്ച വീണ്ടും പോലീസിന്റെ പിടിയിലായത്. വാളയാറിൽ മോഡലുകളെ തടവിൽ പാർപ്പിച്ച് പണം തട്ടിയ കേസിലാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്.

Content Highlights:Shamna kasim blackmail case police identified women accused