കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ ഏഴാംപ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. വ്യാജ വിവാഹലോചനയുടെ ഭാഗമായി പയ്യന്റെ മാതാവെന്ന പേരിൽ സോഫിയയാണ് ഷംനയോട് ഫോണിൽ സംസാരിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

കേസിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സോഫിയ നേരത്തേ രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സോഫിയ ഒറ്റയ്ക്കും പിന്നീട് മറ്റു പ്രതികളുടെ ഭാര്യമാരോടൊപ്പവുമാണ് ഹർജി നൽകിയത്. പോലീസ് വീട്ടിലെത്തി പ്രതികൾക്കെതിരേ മൊഴി നൽകാൻ നിർബന്ധിക്കുന്നെന്നും തങ്ങളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഭാര്യമാരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാർ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദേശമുള്ളതിനാൽ നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് സോഫിയയെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി റഫീഖിന്റെയും സോഫിയയുടെയും ശബ്ദസാംപിളുകൾ പരിശോധിക്കും. ശാസ്ത്രീയപരിശോധന നടത്താൻ കോടതിയുടെ അനുമതി വാങ്ങും. പ്രതികളുമായി നടത്തിയ ഫോൺവിളികൾ ഷംന റെക്കോഡ് ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Content Highlights:shamna kasim blackmail case accused sherifs wife sofiya arrested