താമരശ്ശേരി: സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ചെറിയജോലികൾ ചെയ്തും പിന്നീട് ഡ്രൈവറായും സ്വന്തമായി വരുമാനമുണ്ടാക്കിയ കൊടുവള്ളി കളരാന്തിരി സ്വദേശി കെ.വി. മുഹമ്മദ് അബ്ദു ഷമീമിന്റെ വളർച്ച അതിവേഗമായിരുന്നു. വളയം പിടിച്ച കൈകളിലേക്ക് പിന്നീട് വന്നുചേർന്നത് കോഴിക്കോട്ടെ ഒരു ജൂവലറിയുടെയും ഗൾഫിലെ ഒരു കഫ്റ്റീരിയയുടെയും ഉടമസ്ഥാവകാശമാണ്. ജ്യേഷ്ഠൻ മുഹമ്മദ് അബ്ദു ഷെരീഫി(30)നൊപ്പം ചേർന്ന് അരക്കിണറിൽ ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന ജൂവലറി തുടങ്ങിയ ഈ ഇരുപത്തിനാലുകാരൻ മറ്റൊരു സഹോദരൻ സലീമിനൊപ്പം ചേർന്ന് ദുബായിൽ മൂന്നുവർഷത്തോളമായി ഒരു കഫ്റ്റീരിയ നടത്തുകയാണ്.

അതേസമയം, മുഹമ്മദ് അബ്ദു ഷമീമിന് സ്വർണക്കടത്ത് കേസ് പ്രതി അൻവറുമായി അടുത്ത ബന്ധമില്ലെന്നും തിരുവനന്തപുരത്തേക്ക് ഒരുതവണ മാത്രമാണ് അൻവറിനൊപ്പം സഞ്ചരിച്ചതെന്നും ഷമീമിന്റെ ബന്ധുക്കൾ അറിയിച്ചു.

''മഞ്ചേരിയിൽ ഒരു ഹോട്ടൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മാത്രമാണ് ഷമീം ചിലരെ ബന്ധപ്പെട്ടതെന്നാണ് അറിയാൻ കഴിഞ്ഞത്. അൻവറിനൊപ്പം തിരുവനന്തപുരത്തേക്ക് ഷമീം പോയത് അയാളുടെ കാറിന്റെ ഡ്രൈവറായി മാത്രമാണ്. അന്ന് തിരുവനന്തപുരത്ത് അൻവറിനും ജിഫ്സലിനും ഒപ്പമല്ലാതെ വേറെ മുറിയിലായിരുന്നു ഷമീം താമസിച്ചതും. ഹെസ ഗോൾഡിൽ ഷമീമിന് ഇപ്പോൾ പാർട്ണർഷിപ്പൊന്നുമില്ല. അവന്റെ സഹോദരൻ ഷെരീഫും മറ്റ് രണ്ടുപേരുമാണ് അത് നടത്തുന്നത്. ആറുമാസംമുമ്പാണ് അവന്റെ വിവാഹം കഴിഞ്ഞത്. ദുബായിലേക്ക് തിരിച്ചുപോവാനുള്ള നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയിരിക്കേയാണ് കസ്റ്റംസ് അധികൃതർ വിളിപ്പിക്കുന്നത്. കസ്റ്റംസുകാർ വിളിച്ചതിനെത്തുടർന്ന് ഞാനാണ് കഴിഞ്ഞദിവസം അവനെ കോഴിക്കോട്ടെ ഓഫീസിൽ ഹാജരാക്കിയത്.'' - ഷമീമിന്റെ പിതാവ് ഹുസൈൻ പറയുന്നു.

Content Highlights:shameem gold smuggling case accused from koduvally