മുക്കം: സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുംചെയ്ത യുവാവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി പുത്തൂർ നാഗാളിക്കാവ് സ്വദേശി ജലീലിനെ (33) യാണ് പോലീസ് പിടികൂടിയത്.

വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയാണ് സഞ്ചരിച്ചിരുന്നത്. കെ.എൽ. 57 എസ് 1120 നമ്പർ പ്ലേറ്റ് വാഹനത്തിന്റെ സീറ്റിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തു.

ഒട്ടേറെ സ്ത്രീകളാണ് പ്രതിയുടെ അതിക്രമത്തിന് ഇരയായിട്ടുള്ളത്. ഇയാളുടെ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ നൽകിയ പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് മുക്കം പോലീസ് കേസെടുക്കുകയും ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കളൻതോടിലെയും സമീപപ്രദേശങ്ങളിലെയും അൻപതോളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കവെ നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

ഏഴ് മാസം മുൻപാണ് ഇയാൾ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഐ.പി.സി. 509, 354, കേരള പോലീസ് ആക്ട് 119 എന്നിവ പ്രകാരമാണ് ഇയാളുടെ പേരിൽ കേസെടുത്തത്.

മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ. സജിത്ത് സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് മലയമ്മ, അനൂപ് മണാശ്ശേരി, ശ്രീകാന്ത് കട്ടാങ്ങൽ, ശ്രീജേഷ്, അനൂപ് തറോൽ, അജീഷ് പിലാശ്ശേരി, ഹോം ഗാർഡ് സിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.