ചെന്നൈ: പൂർവവിദ്യാർഥിനികളുടെ പരാതിയിൽ കേളമ്പാക്കം സുശീൽഹരി സ്കൂൾസ്ഥാപകനായ ആത്മീയ ഗുരു ശിവശങ്കർ ബാബ(72)യെ  ഡൽഹിയിൽ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. സി.ബി.സി.ഐ.ഡി. അന്വേഷണ സംഘമാണ് ബാബയെ അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ബാബയെ ചെന്നൈയിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു. ആത്മീയഗുരുവായി അറിയപ്പെടുന്ന ബാബക്കെതിരേ ലൈംഗികാരോപണമുന്നയിച്ച് സ്കൂളിലെ പൂർവ വിദ്യാർഥിനികളാണ് പരാതി നൽകിയത്. പോക്സോ അടക്കമുള്ള വകുപ്പുകളിൽ രജിസ്റ്റർചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ഞായറാഴ്ചയാണ് സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത്. ദെഹ്റാദൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറഞ്ഞിരുന്ന ബാബ സി.ബി.സി.ഐ.ഡി. കേസെടുത്തതോടെ അവിടെനിന്ന് രക്ഷപെട്ടു.

വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒളിവിൽപ്പോയ ബാബയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ ഹോട്ടലിൽനിന്ന് ചെന്നൈ പോലീസ് പിടികൂടിയത്. 20 വർഷമായി കേളമ്പാക്കത്ത് പ്രവർത്തിക്കുന്ന സ്കൂളിലെ പൂർവ വിദ്യാർഥിനികൾ സാമൂഹികമാധ്യമങ്ങൾ വഴിയാണ് ബാബക്കെതിരേ ലൈംഗികാരോപണമുന്നയിച്ചത്. പിറന്നാളാഘോഷത്തിനും പരീക്ഷകൾക്ക് മുമ്പുമൊക്കെ അനുഗ്രഹം നൽകുന്നു എന്നപേരിലാണ് വിദ്യാർഥിനികൾക്കുനേരെ ശിവശങ്കർ ബാബ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്നാണ് പരാതി.

സ്കൂളിലെ അധ്യാപകരിൽ ചിലർ ഇതിന് ഒത്താശ ചെയ്തിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. രണ്ട് അധ്യാപികമാരെ കഴിഞ്ഞദിവസം കേസിൽ പ്രതി ചേർത്തിരുന്നു. സുശീൽഹരി സ്കൂളിൽ പരിശോധന നടത്തിയ അന്വേഷണസംഘം ശിവശങ്കർ ബാബയുടെ മുറിയിലുണ്ടായിരുന്ന നാല് ലാപ്ടോപ്പും രണ്ട് കംപ്യൂട്ടറും പിടിച്ചെടുത്തു. സാമ്പത്തികക്രമക്കേടുകളുണ്ടോ എന്നന്വേഷിക്കാൻ സ്കൂളിൽ ആദായനികുതി വകുപ്പും പരിശോധന നടത്തി.

സ്കൂളിന്റെ അംഗീകാരം റദ്ദാക്കണം

സ്കൂൾ സ്ഥാപകൻ ശിവശങ്കർ ബാബ അറസ്റ്റിലായ സാഹചര്യത്തിൽ സുശീൽഹരി സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ശിശുക്ഷേമസമിതി സർക്കാരിന് ശുപാർശ നൽകി. സ്കൂളിൽനിന്ന് ടി.സി. വാങ്ങിപ്പോകുന്ന വിദ്യാർഥികൾക്ക് മറ്റു സ്കൂളുകളിൽചേരാൻ സൗകര്യമേർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.

Content Highlights:sexual harassment against students shivshankar baba arrested in delhi