ചെന്നൈ: കേളമ്പാക്കം സുശീൽ ഹരി സ്കൂൾ സ്ഥാപകൻ ശിവശങ്കർ ബാബയ്ക്കെതിരായ കേസിൽ സ്കൂളിലെ രണ്ട് അധ്യാപികമാരെയും പ്രതി ചേർത്തു. പൂർവവിദ്യാർഥിനികൾക്കു നേരെയുള്ള ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തെന്നുകാണിച്ചാണ് ഭാരതി, ദീപ എന്നീ അധ്യാപികമാർക്കെതിരേ കേസെടുത്തത്. ഇരുവർക്കുമെതിരേ പോക്സോ വകുപ്പ് ചുമത്തി.

അതേസമയം, ഒളിവിലുള്ള ശിവശങ്കർ ബാബയെ പിടികൂടാൻ സി.ബി.സി.ഐ.ഡി. സംഘം ദെഹ്റാദൂണിലേക്ക് പുറപ്പെട്ടു. അവിടെയുള്ള ഒരു ആശുപത്രിയിൽ ബാബ ചികിത്സിയിലാണെന്നാണ് വിവരം. ഇയാളെ അറസ്റ്റു ചെയ്ത് ചെന്നൈയിലേക്ക് കൊണ്ടുവരാൻ ഡി.എസ്.പി. ഗുണവർമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദെഹ്റാദൂണിലേക്ക് പോയത്. ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാൻ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.

ആത്മീയഗുരുവായി അറിയപ്പെടുന്ന ബാബയ്ക്കെതിരേ സ്കൂളിലെ പൂർവവിദ്യാർഥിനികളാണ് പോലീസിൽ പരാതി നൽകിയത്. പോക്സോ അടക്കം ഒൻപത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ഞായറാഴ്ചയാണ് സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത്.

മറ്റു വിദ്യാലയങ്ങളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ പൂർവ വിദ്യാർഥിനികൾ പരസ്യപ്പെടുത്താൻ തുടങ്ങിയതോടെയാണ് സുശീൽ ഹരി സ്കൂളിലെ പൂർവ വിദ്യാർഥിനികളും സ്കൂളിൽനിന്ന് നേരിട്ട പീഡനം സാമൂഹികമാധ്യമങ്ങളിൽ തുറന്നുപറഞ്ഞത്. പിറന്നാളാഘോഷത്തിനും പരീക്ഷകൾക്ക് മുമ്പുമൊക്കെ അനുഗ്രഹം നൽകുന്നു എന്ന പേരിലാണ് വിദ്യാർഥിനികൾക്കുനേരേ ശിവശങ്കർ ബാബ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്നാണ് പരാതി.

Content Highlights:sexual harassment against students police accused shiv shankar baba and two female teachers