കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക്  നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത്  മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. 

സംഭവവുമായി  ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. 

പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു.  തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: sexual assault against school student in kozhikode city accused arrested