പാട്ന: കോവിഡ് രോഗിയായ സ്ത്രീ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. ബിഹാറിലെ പാട്നയിലെ പരാസ്-എച്ച്.എം.ആർ.ഐ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 45-കാരിക്ക് നേരേ ജീവനക്കാരായ നാല് പേർ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം രാവിലെ ഇവർ മരിച്ചിരുന്നു. ഇതോടെ സംഭവം കൂടുതൽ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മെയ് 17-ന് രാത്രി മൂന്നോ നാലോ ജീവനക്കാർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ 45-കാരി തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സന്ദേശമായി മകൾക്ക് നൽകിയിരുന്നു. ഈ വീഡിയോ മകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചികിത്സയിലായിരുന്ന 45-കാരി ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സംഭവത്തിൽ സ്ത്രീയുടെ മകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. ദേശീയ വനിത കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ ബിഹാർ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോർട്ട് തേടി.

അതേസമയം, ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ആശുപത്രിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ആശുപത്രി മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. മെയ് 15-നാണ് കോവിഡ് ലക്ഷണങ്ങളോടെ 45-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ, രക്ഷപ്പെടാനുള്ള ഒരു സാധ്യതയും കാണാത്തതിനാൽ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു.

തുടർന്ന് 19-ന് രാവിലെ അവർ മരണത്തിന് കീഴടങ്ങി. മെയ് 16 വൈകിട്ട് ആറ് മണിക്കും മെയ് 17-ന് രാവിലെ 11 മണിക്കും ഇടയിൽ 45-കാരിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായാണ് പരാതി. ഈ പരാതിയിൽ ആശുപത്രി മാനേജ്മെന്റ് ആഭ്യന്തര അന്വേഷണം നടത്തി. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും അങ്ങനയൊന്നും ആശുപത്രിയിൽ സംഭവിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതരുടെ പ്രസ്താവനയിൽ പറയുന്നു.

Content Highlights:sexual assault against covid patient in bihar her daughter filed complaint